വിശാഖപട്ടണം: വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റ റെഡ്ഡിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൽഫി എടുക്കാൻ അനുവാദം ചോദിച്ച അക്രമി റെഡ്ഡിയുടെ ഇടത് ചുമലിൽ കൂർത്ത ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി ശ്രീനിവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വി.ഐ.പി ലോഞ്ചിൽ എത്തി റെഡ്ഡിയെ സെൽഫി എടുക്കുന്നതിന് സമീപിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ സി.ഐ.എസ്.എഫിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ചോദ്യം ചെയ്തു. ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ എത്താതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിശാഖപട്ടണത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് സംഭവം. സംഭവത്തിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ദു:ഖം രേഖപ്പെടുത്തി. അന്വേഷണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.