arvind-kejrival

ന്യൂഡൽഹി: ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കോടതി ജാമ്യം അനുവദിച്ചു. അൻപതിനായിരം രൂപയുടെ ആൾജാമ്യത്തിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

അക്രമം നടന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ പങ്കുള്ള 11 ആംആദ്മി എം.എൽ.എമാർക്കും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അമാനത്തുള്ള ഖാൻ, പ്രകാശ് ജർവാൾ, നിതിൻ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദൻലാൽ, പ്രവീൺകുമാർ, ദിനേഷ് മൊഹാനിയ എന്നിവരാണ് എം.എൽ.എമാർ.ഡൽഹി സർക്കാരിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള ടിവി പരസ്യം റിലീസ് ചെയ്യാൻ വൈകിയെന്ന പേരിലാണ് തന്നെ ആക്രമിച്ചതെന്ന് അൻഷു പ്രകാശ് പരാതിയിൽ ആരോപിച്ചിരുന്നു.