സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിയാണ് വിദ്യാബാലൻ. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എട്ടു വർഷം മുൻപ് താനഭിനയിച്ച സിനിമയിലെ പാട്ടു രംഗത്തെക്കുറിച്ച് വിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ ഒരുക്കിയ ഉറുമിയിൽ അഭിനയിച്ച അനുഭവമാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ 'ചലനം ചലനം' എന്ന ഗാനരംഗത്തിലാണ് വിദ്യ അഭിനയിച്ചത്. താരത്തിന്റെ ഒരേയൊരു മലയാള സിനിമയാണ് ഉറുമി. ആ ഗാനരംഗത്തിൽ പൃഥ്വിരാജിനും പ്രഭുദേവയ്ക്കുമൊപ്പമായിരുന്നു വിദ്യയുടെ നൃത്തം. ആ ഗാനരംഗം ഷൂട്ട് ചെയ്യുമ്പോൾ വളരെ നെർവസും ഭയചകിതയുമായിരുന്നു താനെന്നാണ് വിദ്യ പറയുന്നത്.
നൃത്തം ചെയ്യാൻ തന്നെ തനിക്കു ഭയമാണെന്നിരിക്കെ നൃത്തനിപുണനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നിൽ നൃത്തം ചെയ്യാൻ പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താൻ കനത്ത മഴയത്തായിരുന്നു പാട്ടുരംഗം ചിത്രീകരിച്ചത്. ലൊക്കേഷൻ മുഴുവൻ ചെളിയുമായിരുന്നു. എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ പ്രഭുദേവയുടെ മുന്നിൽ നൃത്തം ചെയ്യേണ്ടി വന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാൻ നൃത്തം ചെയ്തത് കാണാനും എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്ന് വർഷങ്ങൾക്ക് ശേഷം ഈ ഗാനം കണ്ടപ്പോൾ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ കഴിയുന്നുണ്ട്.
'ഞാൻ നൃത്തം ചെയ്തത് മോശമല്ലല്ലോ' എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം ഇപ്പോൾ എന്നിൽ ഉളവാക്കുന്നത്. ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാൻ അടുത്ത എട്ടു വർഷം കാത്തിരിക്കണോ എന്നാണ് ഇപ്പോൾ ഞാൻ ആലോചിക്കുന്നത്. വേണ്ട എന്നാണ് എന്റെ ഉത്തരവും. എന്നെ ഞാനായിത്തന്നെ സ്നേഹിക്കാൻ, സ്വീകരിക്കാൻ ഞാൻ ഇന്ന്, ഇപ്പോൾ, ഈ നിമിഷം തന്നെ തയ്യാറാണെന്നും വിദ്യ ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ പറയുന്നു.