savji-dholakiya

സൂററ്റ്: ‌നല്ലൊരു ബോസാകുമ്പോൾ ജീവനക്കാർക്ക് ഏറെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. കന്പനി ലാഭത്തിലായാൽ കനപ്പെട്ട ആനൂകുല്യങ്ങൾ,​ ചോരയും നീരുമൊഴുക്കിയ ജീവനക്കാർക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ,​ സൂററ്റിലെ വജ്രവ്യാപാരിയും ശ്രീ ഹരികൃഷ്ണ എക്‌സ്‌പോർട്ട് ഉടമയുമായ സാവ്‌ജി ധോലാക്യ ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാർക്ക് നൽകിയിരിക്കുന്ന സമ്മാനങ്ങൾ കേട്ടാൻ ആരും അത്ഭുതപ്പെട്ടു പോകും. 600 കാറുകളാണ് തന്റെ കമ്പനിയിൽ പ്രവർത്തിക്കുന്ന അർഹതപ്പെട്ട ജീവനക്കാർക്ക് ധോലാക്യ നൽകുന്നത്. ജീവനക്കാരിൽ ഭിന്നശേഷിയുള്ള സ്ത്രീ അടക്കം നാല് പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാറിന്റെ താക്കോൽ കൈമാറുക. ഇതിനായി അവർ ഡൽഹിയിലെത്തിയിട്ടുണ്ട്. പിന്നീട് വീഡിയോ കോൺഫറൻസ് വഴി മോദി സൂററ്റിലെ വരച്ഛയിലുള്ള കന്പനിയുടെ ആസ്ഥാനത്ത് ജീവനക്കാരെ അഭിസംബോധന ചെയ്യും. 1500 ജീവനക്കാരിൽ 600 പേർക്ക് കാറുകൾ ലഭിക്കുന്പോൾ 900 പേർക്ക് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കന്പനി ചെലവിടുന്നത്. 2011ലാണ് മികച്ച ജീവനക്കാർക്ക് ഇത്തരത്തിൽ ആനുകൂല്യം നൽകുന്ന രീതി ആരംഭിച്ചത്. 2014ൽ ദീപാവലിയോട് അനുബന്ധിച്ച് 700 ഫ്ളാറ്റുകളും 525 വജ്രാഭരണങ്ങളുമാണ് ദോലാക്യ സമ്മാനമായി നൽകിയത്.

cars

6000 കോടി വാർഷിക വരുമാനമുള്ള കമ്പനിയാണ് ഹരികൃഷ്ണ എക്‌സ‌്പോർട്ടേഴ്സ്. 5500 തൊഴിലാളികളാണ് അവിടെ ജോലി ചെയ്യുന്നത്. നേരത്തെ,​ ജീവിതം എന്തെന്ന് പഠിക്കുന്നതിനായി മകൻ ദ്രവ്യയെ ജാവ്‌ജി ഏഴായിരം രൂപ മാത്രം നൽകിയ ശേഷം കൊച്ചിയിലേക്ക് അയച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധോലാക്യ കഠിന പരിശ്രമത്തിലൂടെയാണു വമ്പൻ സ്ഥാപനം പടുത്തുയർത്തിയത്.