ഭാരതീയഋഷിമാരുടെ കാഴ്ചപ്പാടനുസരിച്ച് മാനവന് മൂന്നുരീതിയിലുള്ള ഋണങ്ങൾ ഉണ്ട്. പിതൃഋണം, ദേവഋണം, ഋഷിഋണം എന്നതാണവ. ഒരു കുഞ്ഞ് പിറന്ന് കഴിഞ്ഞാൽ മാതാപിതാക്കൾ ആ കുഞ്ഞിന് വേണ്ടി എത്രയോ വർഷങ്ങളാണ് ത്യാഗം അനുഷ്ഠിക്കുന്നത്. പ്രത്യേകിച്ച് മാതാവ്. വർഷങ്ങളോളം കുഞ്ഞിന്റെ മലമൂത്രങ്ങൾ എടുക്കുകയും കുളിപ്പിക്കുകയും വസ്ത്രധാരണം നടത്തിക്കുകയും തനിക്ക് ഭക്ഷ ണം ഇല്ലെങ്കിലും കുഞ്ഞിനെ ഊട്ടുകയും താൻ ഉറങ്ങാതെ കുഞ്ഞിന് കൂട്ടിരിക്കുകയും ചെയ്യുന്ന അമ്മയെ മനുഷ്യഹൃദയമുള്ളവർക്കാർക്കും വിസ്മരിക്കാനാവുന്നതല്ല. എന്നാൽ കുട്ടി വലുതാകുമ്പോൾ തന്റെ മിടുക്ക് കൊണ്ടാണ് താൻ വളർന്നതെന്നും പഠിച്ചതെന്നും ജോലി ലഭിച്ചതെന്നും കരുതി വിവാഹശേഷം മാതാപിതാക്കളെ കറിയിലെ കറിവേപ്പില പോലെയാണെന്ന ലാഘവത്തോടെ വൃദ്ധസദനങ്ങളിൽ ഏ ല്പ്പിക്കുന്ന ദാരുണമായ ഒരവസ്ഥ ഇന്നത്തെ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്. പ്രത്യേകിച്ച് വിവാഹശേഷമാണ് ഈ ദാരുണമായ അവസ്ഥ സംജാതമാകുന്നത്. ഭാരതത്തിന്റെ സംസ്കാരമനുസരിച്ച് മാതാപിതാഗുരുദൈവം എന്നാണ്.
സ്വന്തം മാതാപിതാക്കളെ കാണപ്പെട്ട ദൈവമായി കണ്ടിരുന്ന ഒരു സംസ്കാരം നമ്മൾക്കു ഉണ്ടായിരുന്നു. ആ സംസ്കാരം അന്യം നിന്ന് പോയത് അഥവാ പോകുന്നത് മാനവനു അവനിൽ അന്തർലീനമായിരിക്കുന്ന ചൈതന്യത്തെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ്. ഇത് തിരിച്ചറിഞ്ഞ് നാം ഓരോരുത്തരും മാതാപിതാക്കളെ ജീവിച്ചിരിക്കുമ്പോഴും ജീവിതകാലശേഷവും അവരെ നന്ദിയോടെ സ്മരിച്ച് അവരോടുള്ള കടപ്പാടുകൾ നിറവേറ്റണം. അവർ നമ്മൾക്ക് വേണ്ടി അനുഷ്ഠിച്ച ത്യാഗത്തിന്റെ ഓർമ്മയിൽ അവരോടുള്ള കടം (ഋണം) നാം തീർത്തിട്ടേ ഈ ശരീരം വിട്ടു പോകാവൂ. അപ്പോൾ മാത്രമേ പിതൃഋണം എന്ന കടത്തിൽ നിന്നും കടപ്പാടിൽ നിന്നും നാം മോചിതരാകുകയുള്ളൂ. ഇത് ഋഷിയുടെ ഉദ്ബോധനമാണ്. മനുഷ്യവംശത്തിന്റെ യാകെ നന്മ മാത്രമാണ് അവർ ഇതിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. ഋഷിമാർ സ്വാർത്ഥരഹിതരാണെന്ന് നാം ഓർക്കണം.
രണ്ടാമത് ദേവഋണമാണ്. മനുഷ്യന് ദേവതമാരോടുള്ള കടമാണിത്. ദേവലോകം സൂക്ഷ്മലോകമാണെന്ന് ഗുരുവിന്റെ ദൈവചിന്തനം പോലുള്ള കൃതികൾ വായിച്ച് പഠിക്കുമ്പോൾ മനസ്സിലാകും. ഈ സംസാരജീവിതത്തിൽ മനസ്സിന് ബലവും വിജയവും ലഭിക്കുവാൻ ഒരു ഊന്നുവടി ആവശ്യമാണ്. കാരണം ജന്മനാ തന്നെ മനുഷ്യൻ ഭയാശങ്കകൾ ഉള്ളവനാണ്. അതുകൊണ്ട് അവൻ പ്രകൃതിക്കതീതമായ ശക്തിയെ ദേവതാരൂപത്തിൽ സങ്കല്പം ചെയ്ത് ആശ്രയത്തിനായി ഉപാസിക്കുന്നു. ഈ ഉപാസനാവേളയിൽ ദേവത അവന്റെ അഭീഷ്ടങ്ങൾ സഫലീകൃതമാകുവാൻ അനുഗ്രഹിക്കുമെന്ന് ഉപാസകൻ ഉറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ദൃഢതയിൽ കാര്യലാഭങ്ങൾ ലഭിക്കുകയും ചെയ്തേക്കാം. ഇനി ഈ ജന്മത്ത് അത് ലഭിച്ചില്ലെങ്കിൽ അടുത്ത ജന്മത്ത് അത് ലഭിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. ക്രമേണ ആ ദേവത ആ കുടുംബത്തിന്റെ കുടുംബദേവതയായി മാറുകയും ചെയ്യുന്നു. ഇങ്ങനെ പരമ്പരയായി ആ കുടുംബക്കാർ ആ ദേവതയെ പ്രധാനദേവതയായി ആരാധിച്ചുപാസിച്ചു പോരുകയാണ് പതിവ്. പക്ഷെ ഈ ദേവതയോട് ആദ്യത്തെ ഉപാസകൻ ചെയ്ത ആഴത്തിലുള്ള ഭക്തിയും വിശ്വാസവും പിൻതലമുറയ്ക്ക് അതേ നിലയിൽ വരണമെന്നില്ല. അതു ഉപാസനയുടെ കാര്യത്തിലും വ്രതാനുഷ്ഠാനങ്ങളുടെ കാര്യത്തിലും വിശ്വാസത്തിലും പരിമിതിയുണ്ടാകാൻ കാരണമായിത്തീരും. അത്തരം അവസ്ഥ സംജാതമാകുമ്പോൾ ശാന്തിയും ഭദ്രതയും ദുർബലപ്പെടുകയും ചെയ്യും. അതോടെ ഇത് ദേവതയുടെ അപ്രീതിയായി ഭക്തൻ ഗണിക്കാനിടയാകും. അതിനാൽ വരും തലമുറകൾക്ക് ഇത് പറഞ്ഞ് കൊടുക്കേണ്ട കർത്തവ്യം ഉപാസകൾക്ക് ഉണ്ട്. അതിന്റെ ഗൗരവം ഉൾക്കൊണ്ട് ആ ദേവതയ്ക്ക് നാം ചെയ്യേണ്ട കാര്യങ്ങൾ വ്രതശുദ്ധിയോടെ അനുഷ്ഠിക്കുമ്പോൾ ആ ദേവതയോടുള്ള കടം തീരും. അങ്ങനെ ഈ മനുഷ്യശരീരം നിപതിക്കന്നതിന് മുൻപ് തന്നെ ദേവതക്കുള്ള കടങ്ങൾ തീർത്ത് വേണം പോകാനെന്ന് 'ദേവഋണ' ത്തി ലൂടെ മഹർഷിമാർ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
ഈ മൂന്നു ഋണങ്ങളിൽ പരമപ്രധാനമായതു ഋഷിഋണമാണ്. ഇന്നത്തെ അവസ്ഥയിൽ പ്രത്യകിച്ച് ശ്രീനാരായണ ഗുരുദേവന്റെ യതിപൂജ നടക്കുന്ന ഈ സന്ദർഭത്തിൽ ഋഷിഋണത്തെക്കുറിച്ച് കൂടുതൽ നാം അറിഞ്ഞിരിക്കേണ്ടതാണ്. മാതാപിതാക്കന്മാർ നമ്മൾക്ക് നല്ക്കുന്നത് ഒരു ശരീരമാണ്. ആ ശരീരത്തിൽ കുടികൊള്ളുന്ന ചൈതന്യത്തിന്റെ തെളിമയും മഹിമയും നമ്മെ തിരിച്ചറിയിക്കുന്ന അതീവ സൂക്ഷ്മമായ കാര്യമാണ്. ഗുരുവിന് ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ എല്ലാവരും ഗുരുക്കന്മാരുമല്ല.
ഗുരുവേഷധാരികളായ ധാരാളം പേരെ ഇന്ന് നമുക്ക് കാണാൻ കഴിയും. കുഴിയിൽ വീഴാതിരിക്കണമെങ്കിൽ അതീവ ജാഗ്രത പാലിക്കണം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ സർവത്രയുണ്ട്. അവനിവനെന്നറിയുന്നതൊക്കെയോർത്താൽ അവനിയിലാദിമമായൊരാത്മരൂപം എന്നും സാക്ഷാൽ അനുഭവശാലികളാം ഇതോർക്കിലാരും എന്നും ഭൂതവും ഭാവിയും വേറല്ല എന്നും കാട്ടിത്തരുവാൻ ശരീരം ധരിച്ചെത്തിയ പരം പൊരുളായി ഗുരുദേവൻ 73 സംവത്സരം ഇവിടെ ലീലയാടി കടന്ന് പോയി. 'കഷ്ടം! കയ്യിലിരിക്കുന്ന കല്പകവൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിക്കുന്ന'വരെ ഉദ്ദേശിച്ചായിരുന്നു മഹാഗുരുവിന്റെ ലീല. ഇവർ രക്ഷപ്പെടട്ടേ എന്ന കാരു ണ്യം ആണ് സാമൂഹ്യനീതിക്ക് വേണ്ടി അരുവിപ്പുറത്ത് ശിവലിംഗവും വിദ്യാലയവും അവസാനം ആലുവായിൽ അദൈ്വതാശ്രമസ്ഥാപനവും നിർവ്വഹിച്ച് എങ്ങനെ കർമ്മം ചെയ്യുമ്പോഴും ഇതൊന്നും നമ്മെ തീണ്ടുകയില്ല എന്ന അദൈ്വതസിദ്ധിയിൽ ലോകർക്ക് മാതൃകയായി ഗുരു കാലം കഴിച്ചത്. ഇങ്ങനെയുള്ള മഹർഷിമാരോട് നാം നന്ദിയുള്ളവരായിരിക്കണം. അവർ കാട്ടിത്തന്ന വഴിയിലൂടെ നാം സഞ്ചരിക്കേണ്ടതും പ്രവൃത്തിപഥത്തിൽ കൊണ്ട് വരേണ്ടതും നമ്മുടെ കടമയാണ്. പക്ഷേ അതിന്റെ രൂഢമൂലതയോർത്താൽ അതിന് ഒരു മനുഷ്യജന്മം പോരാതെ വരും. യഥാർത്ഥ ഗുരുസേവ കൊണ്ടു തന്നെ നമ്മുടെ മനസ്സിനെ തെളിക്കേണ്ടതാണ്. മനസ്സിനു തെളിച്ചം കിട്ടുന്നില്ലെങ്കിൽ എന്തോ പ്രശ്നം എവിടെയോ ഉണ്ട് എന്ന് നാം തിരിച്ചറിയണം. അതായത് കാമക്രോധ ലോഭമോഹ മദമാത്സര്യങ്ങൾ ഇല്ലാതാകുന്നുണ്ടോ എന്ന നിരീക്ഷണം. ഇതാണ് മനസ്സിനെ തെളിയാതെ കലക്കിമറിച്ചുകൊണ്ടിരിക്കുന്നത്. എപ്പോഴാണോ നാം ഇത് തിരിച്ചറിഞ്ഞ് ഗുരുസേവ ചെയ്യുന്നത് അപ്പോൾ നാം ശരിയായ വഴിയ്ക്കായിരിക്കും. ശിഷ്യരെ നേരെയാക്കാൻ ഗുരുവിന്റെ വഴക്കും അടിയും ശിക്ഷയും ഒക്കെ ലഭിച്ചേക്കാം. അതെല്ലാം തന്നെ നവീകരിക്കാൻ വേണ്ടിയാണെന്നുള്ള തിരിച്ചറിവ് ശിഷ്യന് അത്യ ന്താപേക്ഷിതമാണ്.
ഈ ഋഷിഋണത്തിന്റെ ഭാഗമായാണ് ശിവഗിരിമഠത്തിൽ ഇപ്പോൾ മണ്ഡലമഹാപൂജയും യതിപൂജയും നടന്നുകൊണ്ടിരിക്കുന്നത്. 90 കൊല്ലം മുൻപ് ഗുരുവിന്റെ ശിഷ്യരും ഭക്തരും അനുയായികളും എല്ലാം ചേർന്ന് നടത്തേണ്ടിയിരുന്ന യതിപൂജ മുടങ്ങിപ്പോയതിന്റെ പ്രായശ്ചിത്തം കൂടിയാണിത്. ഒരുപക്ഷെ നിരീശ്വരവാദികൾക്കും യുക്തിവാദികൾക്കും ഒന്നും മനസ്സിലാകാത്തവർക്കും എല്ലാം മനസ്സിലായി എന്ന് ധരിക്കുന്നവർക്കും വേണ്ടിയല്ല ഇത്. ഇവിടെ പാവപ്പെട്ട ഒരു കൂട്ടം ഭക്തരും ശിഷ്യരും എല്ലാം ചേർന്ന് അവരുടെ കടമ നിർവ്വഹിക്കുകയാണ്. അവരുടെ ഗുരുവിനോടുള്ള കടം വീട്ടാനുള്ള ഒരു എളിയ ശ്രമം. അതൊരുപക്ഷെ ഈ ജന്മത്തിൽത്തന്നെ സാക്ഷാത്ക്കാരത്തിലേക്ക് നയിച്ചെന്നും വരാം. അതോടുകൂടി അവരുടെ ഋഷി ഋണം പൂർണ്ണമാകും. നമുക്ക് ഗുരുവിലേക്ക് അടുത്തു നില്ക്കാം. ഗുരുകാരുണ്യത്തിനും അനുഗ്രഹത്തിനും വേണ്ടി.
( ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ )