മദ്രാസ് ഹൈക്കോടതിയുടെ അന്തിമ വിധി
ഇവരുടെ മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്ക്
ചെന്നൈ:ദിനകരൻ പക്ഷത്തേക്ക് മാറിയ 18 വിമത എ. ഡി. എം. കെ എം. എൽ. എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ സ്‌പീക്കർ പി. ധനപാലിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു.
ഇതോടെ ഈ പ്രശ്നത്തിൽ രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി സൃഷ്‌ടിച്ച അനിശ്ചിതത്വത്തിന് പരിഹാരമായി. അന്തിമ തീർപ്പ് കൽപ്പിക്കാൻ മൂന്നാമത്തെ ജഡ്ജിയായി സുപ്രീംകോടതി നിയോഗിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം. സത്യനാരായണനും അയോഗ്യത ശരിവയ്‌ക്കുകയായിരുന്നു. മൂന്നിൽ രണ്ട് ജഡ്ജിമാരും അനുകൂലിച്ചതോടെ പളനിസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമാകുന്ന പ്രതിസന്ധി ഒഴിവായി. അയോഗ്യത കോടതി റദ്ദാക്കിയിരുന്നെങ്കിൽ ഇവർ വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെതിരെ വോട്ട് ചെയ്യുമായിരുന്നു. അയോഗ്യരായതോടെ നിയമസഭാംഗത്വം നഷ്‌ടമായ ഇവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. മറ്റ് രണ്ട് അംഗങ്ങൾ മരിച്ചതിനാൽ മൊത്തം 20 സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് സ്പീക്കർ ഇവരെ അയോഗ്യരാക്കിയത്. അതിനെതിരായ ഹർജിയിൽ ഇക്കൊല്ലം ജൂൺ 14നാണ്
രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത്. ബെഞ്ചിന്റെ അദ്ധ്യക്ഷയായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസും ഇപ്പോൾ സുപ്രീംകോടതി ജഡ്‌ജിയുമായ ഇന്ദിരാ ബാനർജി അയോഗ്യത ശരിവച്ചപ്പോൾ സഹജഡ്‌ജിയായ ജസ്റ്റിസ് എം. സുന്ദർ സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്ന് വിധിച്ചു. തർക്കം സുപ്രീംകോടതിയിലെത്തി. സുപ്രീം കോടതി അന്തിമ വിധി പറയാനായി ജസ്റ്റിസ് എം. സത്യനാരായണനെ മൂന്നാം ജഡ്‌ജിയായി നിയോഗിക്കുകയായിരുന്നു. അദ്ദേഹം ഇന്ദിരാ ബാനർജിയുടെ വിധിയോട് യോജിച്ചിരിക്കയാണ്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതിലൂടെ ഈ എം. എൽ.എമാർ എ. ഡി. എം. കെ അംഗത്വം സ്വയം വേണ്ടെന്ന് വച്ചിരിക്കയാണെന്നും അത് കൂറുമാറ്റമാണെന്നുമുള്ള സ്‌പീക്കറുടെ തീരുമാനം ന്യായമാണെന്ന് അദ്ദേഹം വിധിച്ചു. അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി. ടി. വി ദിനകരനൊപ്പം ചേർന്ന 18 എം. എൽ. എമാർ പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18നാണ് ഗവർണറെ കണ്ടത്. വിമത എം. എൽ.എമാരെ തിരുനെൽവേലി ജില്ലയിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കോടതി വിധി വന്നതോടെ ദിനകരൻ ശനിയാഴ്ച ഇവരുമായി കൂടിക്കാഴ്‌ച നടത്തും.
നിയമസഭയിൽ
മൊത്തം അംഗങ്ങൾ 234
18 പേർ അയോഗ്യരാവുകയും രണ്ട് പേർ മരിക്കുകയും ചെയ്‌തതോടെ അംഗസംഖ്യ 214 ആയി
ഇതിൽ ഭൂരിപക്ഷത്തിന് 108മതി.
എ.ഡി.എം.കെയ്ക്ക് 116 അംഗങ്ങളുണ്ട്.
18 പേരെ തിരിച്ചെടുത്തിരുന്നെങ്കിൽ അംഗബലം 232 ആകുമായിരുന്നു.
അപ്പോൾ എ. ഡി. എം. കെക്ക് ഭൂരിപക്ഷത്തിന് ( 117) ഒരാളുടെ കുറവുണ്ടാകുമായിരുന്നു
‘ഇതൊരു തിരിച്ചടിയായി കാണുന്നില്ല. ഇതൊരു അനുഭവമാണ്. ഇത് ഞങ്ങൾ നേരിടും. 18 എം.എൽ.എമാരുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കും’
– ടി.ടി.വി. ദിനകരൻ