sabarimala-protest

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെ ശബരിമലയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരിൽ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ പലർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഘർഷത്തിനിടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ പട്ടിക ഉടനെ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.

ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരിൽ പലരും അറസ്റ്റിലായിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ 157 പേരെയും അറസ്റ്റ് ചെയ്തു.