വില ഇന്നലെ 6 വർഷത്തെ ഉയരത്തിലെത്തി
കൊച്ചി: ആഭരണ പ്രേമികളെ ആശങ്കയിലാഴ്‌ത്തി രാജ്യത്ത് സ്വർണവില പുതിയ ഉയരത്തിലേക്ക് നീങ്ങുന്നു. വിവാഹ - ഉത്‌സവകാല ഡിമാൻഡിന്റെ പിൻബലത്തിൽ ഇന്നലെ ദേശീയ-കേരള വിപണികളിൽ വില ആറു വർഷത്തെ ഉയരത്തിലെത്തി. സംസ്ഥാനത്ത് പവന് 80 രൂപ വർദ്ധിച്ച് വില 23,760 രൂപയായി. പത്തു രൂപ വർദ്ധിച്ച് 2,970 രൂപയാണ് ഗ്രാമിന് വില.
ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ പത്തു ഗ്രാമിന് 125 രൂപ വർദ്ധിച്ച് വില 32,625 രൂപയിലെത്തി. ഉത്സവകാലത്തിന് മുന്നോടിയായി റീട്ടെയിൽ കച്ചവടക്കാർ സ്വർണം വാങ്ങൽ കൂട്ടിയതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവേറിയതും വിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുകയാണ്. ഓഹരി വിപണിയുടെ തകർച്ചമൂലം നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ പണമൊഴുക്കുന്നതും വിലക്കുതിപ്പുണ്ടാക്കുന്നു.
കേരളത്തിൽ സർവകാല റെക്കാഡ് ഉയരത്തിൽ നിന്ന് 480 രൂപ മാത്രം അകലെയാണ് പവൻ വില. 2012 സെപ്‌തംബറിൽ പവൻവില റെക്കാഡുയരമായ 24,240 രൂപ രേഖപ്പെടുത്തിയിരുന്നു. ഈമാസം മാത്രം പവൻവിലയിൽ ആയിരം രൂപയും ഗ്രാമിന് 125 രൂപയുമാണ് ഉയർന്നത്. 2018ൽ ഇതുവരെ പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയും കൂടി.
അന്താരാഷ്‌ട്ര വില
$1,234
അന്താരാഷ്‌ട്ര വില ട്രോയ് ഔൺസിന് മൂന്നു മാസത്തെ ഉയരമായ 1,234.20 ഡോളറിലെത്തിയതും ഇന്ത്യയിൽ സ്വർണ വിലക്കുതിപ്പിന് വളമാകുന്നുണ്ട്. ഡോളറിന്റെ മുന്നേറ്റവും ഓഹരി വിപണികളുടെ തളർച്ചയുമാണ് സ്വർണത്തിന്റെ ഡിമാൻഡേറാൻ കാരണം. രണ്ടാഴ്‌ചയ്‌ക്കിടെ ഔൺസിന് 20 ഡോളറിനടുത്ത് വർദ്ധനയുണ്ടായി.
₹23,760
പവന് 23,760 രൂപയാണ് സംസ്ഥാനത്ത് വില. ഗ്രാമിന് 2,970 രൂപ.
₹1,000
ഈമാസം ഇതുവരെ പവന് ആയിരം രൂപയും ഗ്രാമിന് 125 രൂപയും കൂടി
₹3,030
2012 സെപ്‌തംബറിൽ പവൻ രേഖപ്പെടുത്തിയ 24,240 രൂപയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന വില. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു.
കരുത്തായി വിവാഹ സീസൺ
''രൂപയുടെ തളർച്ചയാണ് സ്വർണവില കൂടാൻ പ്രധാന കാരണം. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വിലയും കൂടി. കേരളത്തിൽ വിവാഹ പർച്ചേസുകൾ തുടങ്ങിയതും വിലക്കുതിപ്പിന് കാരണമാണ്"
ഡോ. ബി. ഗോവിന്ദൻ, ചെയർമാൻ, ഭീമ ഗ്രൂപ്പ്
വില മുന്നോട്ട്
''ദീപാവലി ആഘോഷങ്ങൾ പടിവാതിലിൽ എത്തിയതിനാൽ അതിന് മുമ്പായി സ്വർണവില കുറയാൻ സാദ്ധ്യതയില്ല. വിവാഹ-ഉത്‌സവകാല ഡിമാൻഡേറിയതും വിലക്കുതിപ്പിന് കളമൊരുക്കും. സ്വർണവില ഗ്രാമിന് ഈയാഴ്‌ച തന്നെ 3,000 രൂപ കവിഞ്ഞേക്കും"
എസ്. അബ്‌ദുൾ നാസർ, ട്രഷറർ, എ.കെ.ജി.എസ്.എം.എ