കൊച്ചി: പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി ഉടൻ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ പി.ഡി.ജോസഫ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർദ്ദേശം.
അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരന്‌വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ദർശനത്തിനെത്തിയ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തത്. അത് പൊലീസിന്റെ ചുമതലയാണെന്നും ഹൈക്കോടതി പറഞ്ഞു.