ന്യൂഡൽഹി:ഇന്ത്യൻ വനിതാഗുസ്തിതാരം ബബിതാ പോഗാട്ടിന് കറവയുമായി എന്തെങ്കിലും ബന്ധമുണ്ടോ? എരുമയെ കറക്കുന്ന ചിത്രം താരം സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തതോടെ ആരാധകർ ആകെ സംശയത്തിലാണ്. ചിത്രം വൈറലാവാൻ അധികസമയം വേണ്ടിവന്നില്ല. കൂട്ടുകാരേ അല്പം എരുമപ്പാലായാലോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റുചെയ്തത്.
ബബിതയ്ക്ക് എരുമയെയും പശുവിനെയുമൊക്കെ നന്നായി കറക്കാനറിയാം. ഒരുതൊഴിലും ചെയ്യുന്നത് കുറവല്ല എന്ന് നാട്ടുകാരായ സ്ത്രീകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടത്രേ. രാജ്യത്തിനുവേണ്ടി മെഡൽ നേടിയ ഒരു താരം എരുമയെ കറക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് തങ്ങൾക്കും ചെയ്തുകൂടെന്ന് സ്ത്രീകൾ ചിന്തിച്ചുതുടങ്ങണമെന്നേ ലക്ഷ്യമാക്കിയുള്ളൂ. നേരത്തേ സഹോദരങ്ങൾക്കൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ചില കാര്യങ്ങളൊക്കെ ചെയ്തിരുന്നു.
കോമൺവെൽത്ത് ഗെയിംസ് 2010 - ൽ വെള്ളി മെഡൽ നേടിയിട്ടുള്ള ബബിത 2012 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി.പിന്നീട് നടന്ന കോമൺവെൽത്ത് ഗെയിംസ് 2014 ൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ബബിതയുടെ കുടുംബത്തിലെ ഒട്ടുമിക്കവരും ഗുസ്തി താരങ്ങളാണ്. ദ്രോണാചാര്യ അവാർഡുനേടിയ ഗുസ്തി താരം മഹാവീർ സിംഗ് പോഗാട്ടാണ് അച്ഛൻ. ബബിതയുടെ സഹോദരിമാരായ ഗീതാ പൊഗാട്ടും വിനേഷ് പൊഗാട്ടും കോമൺ വെൽത്ത് താരങ്ങളാണ്. റിതു പോഗാട്ട് എന്ന സഹോദരിയും അറിയപ്പെടുന്ന ഗുസ്തിക്കാരിയാണ്. ഇവർ പോഗാട്ട് സോദരിമാർ എന്നപേരിൽ അറിയപ്പെടുന്നു.