കായംകുളം: സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലിക്കെ മരിച്ച സി.പി.എം വാർഡ് മെന്പറുടെ ചിതയ്ക്ക് തീകൊളുത്തിയ മകൻ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലാകുന്നു. കായംകുളം നഗരസഭയിലെ ഭരണപക്ഷ കൗൺസിലറും പന്ത്രണ്ടാം വാർഡംഗവുമായ എരുവ വല്ലാറ്റൂരിൽ വി.എസ്.അജയ (52) ന്റെ സംസ്കാര ചടങ്ങിനിടെയാണ് മകൻ അഭിജിത്ത് മുദ്രാവാക്യം വിളിച്ചത്. വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം നടന്നത്.
അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷമാണ് അഭിജിത്ത് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. ഇല്ല ഇല്ല മരിക്കില്ല, പ്രിയ സഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ചോരച്ചോര ചെങ്കൊടി, താഴുകില്ല. താഴ്‌ത്തുകില്ല, ജീവനുള്ള നാൾവരെ എന്നിങ്ങനെയാണ് അഭിജിത്ത് മുദ്രാവാക്യം വിളിക്കുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരും മുദ്രവാക്യങ്ങൾ ഏറ്റുവിളിക്കുന്നുണ്ട്. അജയന്റെ മൃതദേഹം ഉച്ചയ്ക്ക് 12ന് നഗരസഭയിൽ പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് അജയന് പരിക്കേറ്റത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. മസ്തിഷ്‌ക രോഗബാധിതനുമായിരുന്നു അജയൻ. പരിക്കേറ്റ മറ്റ് എട്ട് കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സുഷമയാണ് അജയന്റെ ഭാര്യ. അഭിജിത്തിനെ കൂടാതെ അഞ്ജലി എന്നൊരു മകളുമുണ്ട് അജയന്.