man-gives-triple-talaq

ഭോപ്പാൽ: പൊണ്ണത്തടിയുള്ള ഭാര്യയെ മുത്തലാഖ് ചെയ്ത ഭർത്താവ് അറസ്റ്റിൽ. സൽമാ ബാനു എന്ന സ്ത്രീയെ മുത്തലാക്ക് ചെയ്ത ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. പൊണ്ണത്തടിയുടെ പേരിൽ ഭ‌ർത്താവിന്റെ വീട്ടിൽ നിന്ന് നിരന്തരമായി കുറ്റപ്പെടുത്തലിനും പരിഹാസത്തിനും ഇരയായിട്ടുണ്ടെന്ന് സൽമാ ബാനു പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ മുന്നിൽ വച്ചും തന്നെ അധിക്ഷേപിക്കാറുണ്ടെന്നും സൽമ വ്യക്തമാക്കി.


അധിക്ഷേപം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ നിന്നും കുട്ടികളുമായി സൽമ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് അവിടെ എത്തിയ ഭർത്താവ് ആക്രമിക്കുകയും പിന്നീട് മുത്തലാഖ് ചെയ്യുകയായിരുന്നു. അതിനുശേഷം രണ്ട് കുട്ടികളെയും കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർത്ത സൽമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ ഫോണിലൂടെയുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്താൽ അതിലൊന്നും ഇടപെടേണ്ടെന്ന് ആരിഫ് പറയുകയും ഇതെല്ലാം അദ്ദേഹത്തിന്റെ അമ്മ കണ്ടില്ലെന്ന് നടിക്കാറാണ് പതിവെന്നും സൽമ പൊലീസിനോട് പറഞ്ഞു.

ആരിഫിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 323,​498 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുത്തലാഖ് കുറ്റകരമാണെന്നും 3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഓഡിനൻസ് ഇറക്കിയിരുന്നു. പത്ത് വർഷം മുൻപാണ് ആരിഫും സൽമയും വിവാഹം കഴിച്ചത്.