റിയാദ്: തുർക്കി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതം തന്നെയെന്ന് സൗദി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ''തുർക്കി അധികൃതർ നൽകുന്ന വിവരമനുസരിച്ച് ഖഷോഗിയെ വധിച്ചത് ആസൂത്രിതമായാണ് " സർക്കാർ അഭിഭാഷകൻ സൗദി പ്രസ് ഏജൻസിയോട് പറഞ്ഞു. നീതി ഉറപ്പാക്കാനായി പ്രതികളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഇവർ പറഞ്ഞു. ഈസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗി മടങ്ങിപ്പോയെന്ന ഒക്ടോബർ രണ്ടിലെ വാദത്തിൽ നിന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് സൗദി സമ്മതിച്ചത്. രാജ്യാന്തര തലത്തിൽ സൗദിക്കുമേൽ സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാണ് സാദ്ധ്യത.
ശബ്ദശകലം സി.ഐ.എ
ഡയറക്ടർ കേട്ടു
ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്തുള്ള ശബ്ദശകലം എന്ന പേരിൽ തുർക്കി പുറത്തുവിട്ട ക്ലിപ്പ് സി.ഐ.എ ഡയറക്ടർ ഗിന ഹാസ്‌പെൽ കേട്ടു. ഈയാഴ്ച ഹാസ്‌പെൽ നടത്തിയ തുർക്കി സന്ദർശനത്തിനിടെയാണ് അവർ ശബ്ദശകലം കേട്ടത്. ഇതിൽ എന്താണ് പറയുന്നതെന്നോ തുർക്കിക്ക് ഇത് എങ്ങനെ ലഭിച്ചെന്നോ അവർ വ്യക്തമാക്കിയിട്ടില്ല.