1

കായംകുളം: നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷം കഴിഞ്ഞ് പാർട്ടി ഓഫീസിൽ എത്തിയശേഷം കുഴഞ്ഞുവീണ സി.പി.എം കൗൺസിലർ ആശുപത്രിയിൽ വച്ച്‌ മരിച്ചു. പന്ത്രണ്ടാം വാർഡ് കൗൺസിലറും സി.പി.എം പെരുങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായ എരുവ വല്ലാറ്റൂർ വി.എസ്. അജയൻ (52) ആണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ മരിച്ചത്. മെനിഞ്ചൈറ്റിസ് ആണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ നടന്ന കൈയാങ്കളി കഴിഞ്ഞ്‌ ഉച്ചയോടെ നഗരത്തിൽ മറ്റു എൽ.ഡി.എഫ് കൗൺസിലർമാരോടൊപ്പം പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയശേഷം സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ അജയൻ ഉച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ബഹളത്തെത്തുടർന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് പക്ഷത്തെ ഒൻപത് കൗൺസിലർമാർ ചികിത്സ തേടിയിരുന്നു.

കായംകുളത്ത് സി.പി.എമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളായ അജയൻ രണ്ടാം തവണയാണ് കൗൺസിലർ ആകുന്നത്. കൗൺസിൽ യോഗത്തിൽ കോൺഗ്രസിന്റെയും ലീഗിന്റെയും കൗൺസിലർമാർ സംഘർഷാവസ്ഥ സൃഷ്ടിച്ചപ്പോൾ മുന്നിൽ നിന്ന് പ്രതിരോധിച്ചതും അജയനായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടോടെ നഗരസഭയ്ക്ക് മുന്നിലും പിന്നീട് സി.പി.എം ഓഫീസിലും പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. കാക്കനാട്ട് 'അജയൻസ്' എന്ന ഹോട്ടലിന്റെ ഉടമ കൂടിയാണ്. ഭാര്യ: സുഷമ. മക്കൾ: അഞ്ജലി, അഭിജിത്ത്.