rahul-

തിരുവനന്തപുരം: ശബരിമലയിൽ രക്തം ചിന്താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. മാദ്ധ്യമ പ്രവർത്തകനായി കെ.ജെ ജേക്കബാണ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. രാഹുൽ ഈശ്വറിന്റെയും സംഘത്തിന്റെയും പ്ലാൻ സി. എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.

ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായാൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കാൻ തയ്യാറായി 20 പേർ തയ്യാറായി നിന്നിരുവെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ. കയ്യിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്‌ത്താനായിരുന്നു പദ്ധതിയെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ ഈ പ്രസ്താവന വിവാദമായതിന് ഇക്കാര്യം തിരുത്തി രാഹുൽ വീണ്ടും രംഗത്തെത്തി.

രക്തം വീഴ്ത്തി ശബരിമല നട അടയ്‌ക്കാൻ പദ്ധതിയിട്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഇതിന് തയ്യാറായി നിന്ന 20 പേരോട് അങ്ങനെ ചെയ്യരുതെന്നാണ് താൻ പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും തന്നെ കള്ളക്കേസിൽ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും രാഹുൽ ആരോപിച്ചു.