ചേർത്തല: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മൊഴി നൽകുകയും പിന്നീട് പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്‌ത ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌ക്കാര ചടങ്ങുകൾക്കിടെ സിസ്‌റ്റർ അനുപമയ്‌ക്കെതിരെ പ്രതിഷേധം. ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്ത് വച്ചാണ് വിശ്വാസികളെന്ന പേരിൽ ഒരു സംഘം അനുപമയ്‌ക്കെതിരെ പ്രതിഷേധിച്ചത്. ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് നടന്ന സരമത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചയാളാണ് സിസ്‌റ്റർ അനുപമ.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് സിസ്റ്റർ അനുപമയുടെ ഇടവകയായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയിൽ കാട്ടുതറയുടെ മൃതദേഹം സംസ്‌ക്കരിക്കാൻ എത്തിച്ചത്. മറ്റ് ചില കന്യാസ്ത്രീകൾക്കൊപ്പം അനുപമയും എത്തിയിരുന്നു. പള്ളിമുറ്റത്ത് വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പള്ളിയുടെ ഗേറ്റിന് മുന്നിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസരിക്കാൻ ആവില്ലെന്ന് ഇവർ നിലപാടെടുത്തതോടെ സിസ്‌റ്റർ അനുപമ കണ്ണീരോടെ ഇവിടെ നിന്നും മടങ്ങി. തന്റെ ഇടവകയിൽ നിന്ന് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടായതിൽ വിഷമമുണ്ടെന്ന് പിന്നീട് അനുപമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.