in-fight-in-cbi

ന്യൂഡൽഹി: റാഫേൽ കരാറിന് പിന്നിലെ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് പുറത്ത് കൊണ്ട് വരുമെന്ന് ഭയന്നാണ് സി.ബി.ഐ തലപ്പത്ത് നിന്നും അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്നാണ് സർക്കാർ അടിയന്തരമായി അർദ്ധരാത്രിയിൽ നടപടി സ്വീകരിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളെ പറ്റിച്ച് രക്ഷപ്പെടാനാകില്ലെന്നും രാഹുൽ ആഞ്ഞടിച്ചു.

മറ്റൊരു രാജ്യത്തെ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നതും അത്കേട്ട പ്രധാനമന്ത്രി മൗനം പാലിക്കുന്നതും ഇതാദ്യമായാണ്. റാഫേൽ കരാറിൽ അന്വേഷണം നേരിടുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന് മോദിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാലാണ് തിടുക്കപ്പെട്ട് സി.ബി.ഐയിൽ അഴിച്ചുപണി നടത്തിയത്. റാഫേൽ കേസിൽ മോദിക്കെതിരെ ശേഖരിച്ചിരുന്ന തെളിവുകളും മോദിയുടെ അനുയായികൾ സി.ബി.ഐ ഉദ്യോഗസ്ഥരിൽ നിന്ന് തട്ടിയെടുത്തു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മോദിയെ രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ പ്രതിപക്ഷമെന്ന നിലയിൽ ഇതിന് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

LIVE: Watch Congress President @RahulGandhi expose the details of #CBIRafaleGate. https://t.co/UZgNIPem0k

— Congress (@INCIndia) October 25, 2018


അതേസമയം,​ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ സി.ബി.ഐ അലോക് വർമയെയും രാകേഷ് അസ്‌താനയെയും പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇരുവരെയും അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിറുത്തിയിരിക്കുകയാണ്. അന്വേഷണം പൂർത്തിയായാൽ വീണ്ടും ഇരുവരെയും സി.ബി.ഐയിലേക്ക് തിരികെ പ്രവേശിപ്പിക്കും.അതുവരെ സി.ബി.ഐ തലപ്പത്ത് നാഗേശ്വര റാവു തുടരുമെന്നും സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.

അതിനിടെ തന്നെ പുറത്താക്കിയതിനെതിരെ അലോക് വർമ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അടങ്ങിയ സമിതിക്ക് മാത്രമേ സി.ബി.ഐ തലപ്പത്ത് അഴിച്ചുപണി നടത്താൻ അധികാരമുള്ളൂ എന്നിരിക്കെ സർക്കാർ നടത്തിയ അനധികൃത ഇടപെടലുകൾ കോടതിയിൽ ചൂണ്ടിക്കാണിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിൽ കോടതിയിൽ നിന്ന് പ്രതികൂല നിലപാടുണ്ടായാൽ അത് കേന്ദ്രസർക്കാരിന് തിരിച്ചടിയാകുമെന്ന് ഉറപ്പ്.