പത്തനംതിട്ട: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടന കാലത്ത് അത്യാഹിതങ്ങൾ ഒഴിവാക്കുന്നതിന് ഇത്തവണ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും അടിയന്തരഘട്ട പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷ സ്ഥിതി കണക്കിലെടുത്ത് മണ്ഡലം, മകരവിളക്ക് കാലത്ത് ജീവഹാനി വരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് നടപടി. ദുരന്തനിവാരണത്തിൽ വൈദഗ്ദ്ധ്യമുള്ളവരുടെ സേവനം നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഉറപ്പാക്കും. കളക്ടർ പി.ബി. നൂഹിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇൗ തീരുമാനം. ഡെപ്യൂട്ടി കളക്ടർമാരുടെ നിയന്ത്രണത്തിലായിരിക്കും അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങൾ.
29ന് സുരക്ഷാ പരിശോധന യാത്ര
തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട സബ് കളക്ടർ വിനയ് ഗോയലിന്റെ നേതൃത്വത്തിൽ 29ന് സുരക്ഷാ പരിശോധന യാത്ര നടത്തും. ജില്ലാതല ഉദ്യോഗസ്ഥർ പത്തനംതിട്ട മുതൽ പമ്പ വരെയുള്ള പ്രദേശങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തും. പമ്പയിൽ നിന്നു സന്നിധാനം വരെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സുരക്ഷാ പരിശോധന യാത്രയും നടത്തും. അയ്യപ്പന്മാർക്ക് നടപ്പാതയിൽ ഉണ്ടാകാനിടയുള്ള അപകട സാദ്ധ്യതകൾ വിലയിരുത്തും.