ആലപ്പുഴ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ നഗരത്തിലെ ലോഡ്ജിൽ വ്യാജ അഭിമുഖത്തിനെത്തിയ മൂന്നംഗ സംഘത്തെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചെറുപ്പുളശേരി അബുബക്കർ സിദ്ധിഖ് (50), പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ രാമനിലയം വീട്ടിൽ ടി.എസ്. രാമചന്ദ്രൻ ( 57), ബംഗാൾ ഖണ്ഡഘോഷ് കുഞ്ഞനഗറിൽ സമീർ (28) എന്നിവരെയാണ് എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അമ്പതിൽപരം യുവതീ, യുവാക്കളാണ് നഗരമദ്ധ്യത്തിലെ നരസിംഹപുരം ലോഡ്ജിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചേർന്നത്. ആദ്യഘട്ടമെന്ന നിലയിലായിരുന്നത്രെ അഭിമുഖം പറഞ്ഞിരുന്നത്. വിവരം ചോർന്നുകിട്ടിയ പൊലീസ് സംഘം അഭിമുഖം ആരംഭിക്കുന്നതിനു മുൻപുതന്നെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. രണ്ടു ലക്ഷം രൂപവരെയാണ് 'ഫീസ്' ആയി പറഞ്ഞിരുന്നത്. അബൂബക്കർ സിദ്ദിഖ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാലക്കാട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തൃണമൂൽ ദേശീയ അദ്ധ്യക്ഷ മമതാ ബാനർജി യു.പി.എ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. ആ 'ബന്ധം' പറഞ്ഞു നടക്കുന്ന ഇയാൾ കുട്ടനാട്ടുകാരനായ സുഹൃത്ത് മുഖേനയാണ് റെിൽവേയിലെ ജോലി സാദ്ധ്യത ഉദ്യോഗാർത്ഥികളിൽ എത്തിച്ചത്.
പൊലീസ് പിടികൂടിയപ്പോൾ, തൃണമൂൽ കോൺഗ്രസിലേക്ക് അംഗങ്ങളെ ചേർക്കുന്നുവെന്നാണ് സംഘം ആദ്യം പറഞ്ഞത്. എന്നാൽ ഈ പാർട്ടിയിലെ മറ്റു നേതാക്കളെപ്പറ്റി ആർക്കും ഗ്രാഹ്യമില്ലായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ ജോലിക്കായുള്ള അഭിമുഖമാണെന്ന് സമ്മതിച്ചു. റെയിൽവേയിലെ താഴ്ന്ന ജോലികളാണ് വാഗ്ദാനം ചെയ്തിരുന്നത്. തിരിച്ചറിയൽ രേഖകളും മുദ്രപ്പത്രങ്ങളും കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. പുളിങ്കുന്ന് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മൂവരെയും കോടതിയിൽ ഹാജരാക്കി.