കൊച്ചി: ശബരിമലയിൽ രക്തം വീഴ്‌ത്താൻ ഒരുങ്ങിയിരുന്നുവെന്ന രാഹുൽ ഈശ്വറിന്റെ പ്രസ്‌താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുലിന്റേത് വിടുവായത്തം മാത്രമായി കാണാനാകില്ലെന്നും ശബരിമലയിൽ രക്തച്ചൊരിച്ചിലുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയാണ് ചെയ്‌തതെന്നും കടകംപള്ളി പറഞ്ഞു. കൊച്ചി എളമക്കരയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടിയിലാണ് കടകംപള്ളി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
പരിശുദ്ധമായ ശബരിമല സന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയാണ് രാഹുൽ ഈശ്വറിന്റെ വാക്കുകളിലൂടെ പുറത്ത് വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യഥാർത്ഥ വിശ്വാാസികളുടെ വിഷമം ഉൾക്കൊള്ളുന്നുവെന്നും അയ്യപ്പ ഭക്തരുടെ വേഷം ധരിച്ച ചെന്നായ്‌ക്കളോട് അന്പലം വിഴുങ്ങികളോടുമാണ് സർക്കാരിന് എതിർപ്പെന്നും കടകംപള്ളി വ്യക്തമാക്കി.