indian-missile

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് ബറാക് എട്ട് മിസൈൽ പ്രതിരോധ സംവിധാനം നൽകുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി കരാറിലെത്തിയതായി ഇസ്രയേൽ ആയുധ നിർമാതാക്കളായ ഇസ്രയേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ്(ഐ.എ.ഐ) അറിയിച്ചു. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഐ.എ.ഐയും സംയുക്തമായി നിർമിച്ച ബറാക് എട്ട് മിസൈലുകൾ കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാൻ കഴിയുന്ന ദീർഘദൂര മിസൈലാണ്. യുദ്ധക്കപ്പലുകളിൽ നിന്നും തൊടുക്കാൻ കഴിയുന്ന ബറാക് എട്ട് മിസൈലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഉയർത്തുന്ന ഭീഷണി നേരിടാൻ ഫലപ്രദമാണ്.

ശത്രുവിമാനങ്ങളിൽ നിന്നും മിസൈലുകളിൽ നിന്നും ഇന്ത്യയെ ആകാശക്കോട്ട കെട്ടി സംരക്ഷിക്കാൻ കഴിയുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്നും വാങ്ങാൻ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറൊപ്പിട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തിപകരാനായി ഉടൻ തന്നെ ഇവയെ പാക്, ചൈന അതിർത്തിയിൽ വിന്യസിക്കുമെന്നാണ് വിവരം. ഒക്‌ടോബർ ആദ്യവാരത്തിൽ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദ്‌മിർ പുടിനാണ് 5 ബില്യൻ ഡോളറിന്റെ കരാറിൽ ഒപ്പിട്ടത്. രണ്ട് മിസൈൽ സംവിധാനങ്ങളും ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പ്.

indian-missile

എസ് 400 മിസൈൽ

റഷ്യ വികസിപ്പിച്ച കരയിൽ നിന്നും തൊടുക്കാവുന്ന വ്യോമപ്രതിരോധ സംവിധാനം
2007 മുതൽ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈൽ 400 കിലോമീറ്റർ പരിധിയിലെ മൂന്ന് ഡസനോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാനാവും
സാധാരണ റഡാറുകൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത രഹസ്യവിമാനങ്ങളെപ്പോലും കണ്ടെത്തി വെടിവച്ചിടാൻ കഴിവുണ്ട്
അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും കവച്ച് വയ്‌ക്കുന്ന എസ് 400 ട്രയംഫ് മിസൈലുകൾ ലോകത്തിലെ മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന പേരിലാണ് അറിയപ്പെടുന്നത്

indian-missile

ബറാക്ക് 8 മിസൈൽ

 ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ, വ്യോമ പ്രതിരോധ സംവിധാനമാണ് ബറാക് 8

എൽ.ആർ എസ്.എ.എം, എം.ആർ എസ്.എ.എം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന മിസൈലുകൾ വ്യോമമാർഗം വഴിയുള്ള എല്ലാ ഭീഷണികളും ചെറുക്കാൻ കഴിയുന്നവയാണ്

നിലവിൽ ഇന്ത്യയുടെയും ഇസ്രയേലിന്റെയും കര, നാവിക സേനകളാണ് ഈ മിസൈലാണ് ഉപയോഗിക്കുന്നത്