1. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയിൽ സമരം നയിച്ച സിസ്റ്റർ അനുപമയ്ക്ക് എതിരെ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികൾ സിസ്റ്റർ അനുപമയെ തടഞ്ഞത് കന്യാസ്ത്രീയുടെ പീഡന പരാതിയിൽ സാക്ഷി ആയിരുന്ന ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിന് എത്തിയപ്പോൾ. സംഭവം സിസ്റ്റർ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന ചർച്ചിൽ
2. പള്ളിയിലെ ഓഫീസ് കോംപൗണ്ടിൽ നിന്ന് കന്യാസ്ത്രീകളെ ഇറക്കി വിട്ടതായും പരാതി. പള്ളി കോംപൗണ്ടിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സ്വന്തം ഇടവകാരിൽ നിന്ന് ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് സിസ്റ്റർ അനുപമ. ബിഷപ്പിന് എതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് തിങ്കളാഴ്ച
3. സി.ബി.ഐ ഡയറക്ടർമാരെ മാറ്റിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സി.ബി.ഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധം. സി.ബി.ഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് അവകാശമില്ല. സി.ബി.ഐ ഉദ്യോഗസ്ഥരെ മാറ്റിയത്, റഫാൽ അഴിമതി മൂടിവെയ്ക്കാൻ എന്നും രാഹുൽ. അഴിമതി പിടിക്കപ്പെടും എന്നായപ്പോൾ സി.ബി.ഐ ഉദ്യോഗസ്ഥരെ മാറ്റി. സർക്കാർ സംവിധാനങ്ങൾ പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ. പ്രധാനമന്ത്രി അഴിമതി നടത്തി എന്നും രാഹുൽ.
4. അതേസമയം, ഉദ്യോഗസ്ഥരെ മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി സി.ബി.ഐ. അലോക് വർമ്മയേും രാകേഷ് അസ്താനയേയും മാറ്റിയിട്ടില്ല. ചുമതലകളിൽ നിന്ന് നീക്കുക മാത്രമാണ് ഉണ്ടായത്. താൽക്കാലിക മാറ്റം ഇരുവർക്കും എതിരെ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ. അന്വേഷണം കഴിയുന്നത് വരെ നാഗേശ്വര റാവുവിന് താൽക്കാലിക ചുമതല മാത്രം എന്നും വിശദീകരണം.
5. ശബരിമലയിൽ യുവതീ പ്രവേശന വിധി ഉടൻ നടപ്പാക്കുന്നത് തടയണം എന്ന ഹർജി തള്ളി ഹൈക്കോടതി. ശബരിമലയിൽ സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യത ഉണ്ട്. ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും നിരീക്ഷണം. അടിസ്ഥാന സൗകര്യം ഒരുക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്നായിരുന്നു ഹർജി
6. അതിനിടെ, സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് എതിരെ നടന്ന സംഘർഷങ്ങളിൽ സംസ്ഥാനത്ത് ആകെ ഇതുവരെ 1,407 പേർ അറസ്റ്റിലായി. 258 കേസുകൾ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു എന്ന് പൊലീസ്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് പത്തനംതിട്ടയിൽ നിന്ന്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തവരുടെ സ്ഥിതിവിവര കണക്കുകൾ ഉടൻ പുറത്തു വിടും എന്നും പൊലീസ്
7. ശബരിമലയിൽ അക്രമം നടത്തിയവർ എന്ന് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങൾ അടങ്ങിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ 146 കേസുകളിലായി കണ്ടാൽ അറിയാവുന്ന 2000 ഓളം പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സന്നിധാനത്ത് മാത്രം 16 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡി.ജി.പിയുടെ നിർദേശ അനുസരണം എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലാതല സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്
8. ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കും. ആരാധനയുടെ കാര്യത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം. പുരുഷനുള്ള അവകാശം സ്ത്രീയ്ക്കും ഉണ്ടെന്നാണ് എൽ.ഡി.എഫ് നിലപാട് എന്നും പിണറായി. വിധി എന്തായാലും നടപ്പാക്കും എന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്നും കോട്ടയത്ത് നടന്ന എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യൻ.
9. സാലറി ചലഞ്ചിന് എതിരായുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചു. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. പ്രളയത്തിനു ശേഷം ഏറെ വിവാദമായ സർക്കാർ നിർദ്ദേശം ആയിരുന്നു സാലറി ചലഞ്ച്
10. ഒരു മാസത്തെ ശമ്പളം ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മത പത്രം ഹൈക്കോടതി സ്‌റ്റെ ചെയ്തിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമ വിധി വരുന്നതു വരെ ആണ് സ്റ്റേ. ഇതിനെ ചോദ്യം ചെയ്താണ് സർക്കാരിന്റെ അപ്പീൽ. ഇക്കാര്യത്തിൽ എ.ജിയുടെ നിയമോപദേശവും സർക്കാർ തേടിയിരുന്നു