maruti-omni

മാരുതി വാൻ എന്ന വിളിപ്പേരിൽ ജനപ്രിയമായ ഒമ്‌നിയുടെ നിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മാരുതി സുസുക്കി അറിയിച്ചു. സർക്കാറിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഒമ്‌നി പര്യാപ്‌തമല്ലാത്തതിനാലാണ് ഈ തീരുമാനമെന്നും മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ അറിയിച്ചു.

പുതിയ ക്രാഷ് മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘടനാ സമഗ്രത ഉറപ്പാക്കാൻ ഒമ്‌നിയുടെ പരന്ന മുൻ ഭാഗം തടസമാണ്. ഒരു കൂട്ടിമുട്ടലുണ്ടായാൽ അതിന്റെ ആഘാതം ലഘൂകരിക്കാനുള്ള സംവിധാനങ്ങളൊന്നും ഇതുമൂലം വാഹനത്തിന്റെ മുൻവശത്ത് ഘടിപ്പിക്കാനാകില്ല. മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ മാരുതി 800 നിറുത്തുവാനും ഇതായിരുന്നു കാരണം. മറ്റു മോഡലുകളായ ഈകോ വാൻ,​ ഓൾട്ടോ 800 തുടങ്ങിയവയെ ക്രാഷ് മാനദണ്ഡങ്ങൾക്ക് പര്യാപ്തമാക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് മാരുതി സുസുക്കി ടീമെന്നും ചെയർമാൻ ആർ.സി. ഭാർഗവ അറിയിച്ചു.

796 സി.സി മൂന്ന് സിലിണ്ടർ എൻജിനാണ് മാരുതി സുസുക്കി ഒമ്‌നിക്ക് ഉണ്ടായിരുന്നത്. 0.8 ലിറ്റർ എൻജിന് 35 ബി.എച്ച്.പി. കുതിരശക്തിയും 59 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 1984ൽ വിപണിയിൽ ഇറങ്ങിയ ഒമ്‌നി അതിന്റെ രുപം കൊണ്ട് ആദ്യമേ ജനശ്രദ്ധ നേടിയിരുന്നു. 34 വർഷത്തെ കാലയളവിനിടയിൽ 1998ലും 2005ലും ഒമ്‌നി രൂപമാറ്റങ്ങൾക്ക് വിധേയമായിരുന്നു. സ്ഥിരം കാറുകളുടെ ഘടന പൊളിച്ചെഴുതിയ ഡോറുകളും പിൻ സീറ്റുകളും ജനങ്ങൾക്കിടയിലും സിനിമാരംഗത്തും താരമായിരുന്നു.