ന്യൂഡൽഹി: ബാങ്കുകളിൽ നിന്നെടുത്ത വൻ തുകയുടെ വായ്‌പ തിരിച്ചടയ്‌ക്കാതെ കിട്ടാക്കടമാക്കിയതിനെ തുടർന്ന്, ഇൻസോൾവൻസി ആൻഡ് ബാങ്കറപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) പ്രകാരമുള്ള കേസിലകപ്പെട്ട എസാർ സ്‌റ്റീൽ കടം ഉടൻ വീട്ടാൻ തയ്യാറാണെന്ന് കമ്മിറ്റി ഒഫ് ക്രെഡിറ്രേഴ്‌സിനെ (സി.ഒ.സി) അറിയിച്ചു. 54,389 കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റീൽ കമ്പനികളിലൊന്നായ എസാർ സ്‌റ്റീൽ ബാങ്കുകൾക്ക് തിരിച്ചടയ്‌ക്കാനുള്ളത്.
തുക പൂർണമായും തിരിച്ചടയ്‌ക്കാമെന്ന് എസാർ സ്‌റ്റീൽ വ്യക്തമാക്കി. ഇതിൽ 47,507 കോടി രൂപ പണമായി തന്നെ തിരിച്ചടയ്‌ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പണം ഉടൻ തിരിച്ചടയ്‌ക്കുന്നതിലൂടെ ഐ.ബി.സി കേസിൽ നിന്ന് രക്ഷപ്പെടാനാണ് കമ്പനി ശ്രമിക്കുന്നത്. ശതകോടീശ്വരരായ റൂയ ബ്രദേഴ്‌സാണ് എസാർ സ്‌റ്റീലിന്റെ പ്രമോട്ടർമാർ. എസാർ സ്‌റ്റീലിനെ ഏറ്റെടുക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സ്‌റ്റീൽ കമ്പനിയായ ആഴ്‌സലർ മിത്തൽ അറിയിച്ചിട്ടുണ്ട്. ജാപ്പനീസ് കമ്പനിയായ നിപ്പൺ സ്‌റ്റീലുമായി ചേർന്ന് സ്ഥാപിക്കുന്ന സംയുക്ത സ്ഥാപനമായിരിക്കും എസാറിനെ ഏറ്റെടുക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് എസാർ സ്‌റ്റീൽ കടം വീട്ടുക.