blood-stain-in-house-wall

കൊച്ചി: എളമക്കരയിൽ ഇരപതോളം വീടുകളിൽ രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുമരുകളിൽ രാവിലെ രക്തം തെറിച്ച നിലയിൽ കണ്ടത്. സമീപത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയ നായയുടെ ശരീരത്തിൽ നിന്നാകാം രക്തം തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാർ ഇപ്പോഴും ഭീതിയിലാണ്.

രാവിലെ പൊലീസും കൗൺസിലറും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് ചെവിക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ചുവരുകളിലെ രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. മുറിവേറ്റ നായയെ സ്ഥലത്ത് നിന്ന് നീക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.