ദുബായ്: ദുബായിലെ പ്രശസ്‌ത ഹോട്ടലിൽ രണ്ട് ദിവസത്തേക്ക് ഒരാൾ റൂമെടുത്തപ്പോൾ ഹോട്ടൽ അധികൃതർക്കോ ജീവനക്കാർക്കോ ഒരു സംശയവും തോന്നിയിരുന്നില്ല. രണ്ടാമത്തെ ദിവസവും മുറി ഒഴിയാത്തതിനെ തുടർന്ന് ഹോട്ടൽ റിസ‌്പഷനിസ്‌റ്റ് ഇയാളുടെ 406ആം മുറിയിലേക്ക് വിളിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. എന്നാൽ ഇയാൾ നൽകിയ മറ്റൊരു മൊബൈൽ നമ്പരിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി ആരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. മുറിയെടുത്തയാൾ മൂന്ന് വർഷം മുമ്പ് മരിച്ചുവെന്നായിരുന്നു അങ്ങേത്തലയ്‌ക്കൽ നിന്നും ലഭിച്ച മറുപടി. പരിഭ്രാന്തരായ ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു.
മൂന്ന് വർഷം മുമ്പ് മരിച്ചയാളുടെ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ ആളായിരുന്നു മുറിയിലുണ്ടായിരുന്നത്. യു.എ.ഇ പൗരന്റെ രേഖകൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടൽ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് മുറിയിലെത്തിയ പൊലീസ് ഇയാളെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച് മറ്റെന്തെങ്കിലും തട്ടിപ്പ് നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.