കോഴിക്കോട്: ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ സോഷ്യൽ മീഡിയയിൽ കൂടി അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രാവണീശ്വരം സ്വദേശിയായ യുവാവിന്റെ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസാണ് ഫ്രീ തിങ്കേഴ്സ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്‌മയ്‌ക്കെതിരെ കേസെടുത്തത്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസ്.
ഫ്രീ തിങ്കേഴ്സ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്‌മയിൽ ആരതി ചിത്ര എന്ന പേരിലാണ് ദീപക്കെതിരെ അപവാദ പ്രചരണം നടന്നുവെന്നാണ് കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദീപയും രാഹുലും സ്വീകരിച്ച നിലപാടുകളെ എതിർത്തുകൊണ്ടായിരുന്നു പ്രചാരണം. സംഭവത്തിൽ ഫ്രീ തിങ്കേഴ്സ് വാട്‌സ്ആപ്പ് കൂട്ടായ്‌മയ്‌ക്കെതിരെ പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.