ട്രിനിഡാഡ് : അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ കളിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡ്വെയിൻ ബ്രാവോ. ചിരിക്കുന്ന മുഖവും മൈതാനത്തെ ആവേശവും കൊണ്ട് ക്രിക്കറ്റ് ആരാധകർക്ക് പ്രീയപ്പെട്ടവനായ ബ്രാവോ ഐ.പി.എല്ലിലുടെ ഇന്ത്യക്കാർക്കിടയിലും ആവേശമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും ഐ.പി.എൽ ഉൾപ്പെടെയുള്ള ട്വന്റി-20 ലീഗുകളിൽ തുടർന്നും ബ്രാവോ കളിക്കും. 35 വയസുകാരനായ ബ്രാവോ 2004ൽ ഇംഗ്ലണ്ടിനെതിരെയാണ് വിൻഡീസിനായി അരങ്ങേറിയത്.
വിൻഡീസിനായി 40 ടെസ്‌റ്റ്, 164 ഏകദിനം, 66 ട്വന്റി-20യിലും ബ്രാവോ കളിച്ചിട്ടുണ്ട്. 2016ൽ നടന്ന പാകിസ്ഥാനെതിരെയുള്ള ട്വിന്റി-20യാണ് ബ്രാവോയുടെ അവസാന രാജ്യാന്തര മത്സരം. മുന്ന് ഫോർമാറ്റിലും മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും ഒരു ട്വിന്റി-20 സ്പെഷ്യലിസ്റ്റായാണ് വിൻഡീസ് താരം അറിയപ്പെടുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആവേശം തീർത്ത അനവധി മത്സരങ്ങൾ ബ്രാവോയ്ക്ക് അവകാശപ്പെടാനുണ്ട്. ടെസ്റ്രിൽ 86 വിക്കറ്റും മൂന്ന് സെഞ്ച്വറി ഉൾപ്പെടെ 2200 റൺസ് നേടി. 2010ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. 2014ൽ ധർമ്മശാലയിൽ ഇന്ത്യക്കെതിരെ കളിച്ച മത്സരമായിരുന്നു അവസാന ഏകദിനം. വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള ഉൾപ്പോര് മൂലം നാടകീയമായ രംഗങ്ങൾ അരങ്ങേറിയ ആ ഏകദിന പരമ്പര നിരവധി വിൻഡീസ് താരങ്ങളുടെ അവസാന മത്സരമായി. ഏകദിനത്തിൽ 2968 റൺസും 199 വിക്കറ്റും നേടി.
"ഇന്ന് രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുകയാണ്. 14 വർഷങ്ങൾക്ക് മുൻപ് ഞാൻ വെസ്റ്റ് ഇൻഡിസിനായി അരങ്ങേറിയത് ഇന്നും ഓർക്കുന്നു. അന്ന് എനിക്ക് തോന്നിയ ആവേശം ഇന്നും എനിക്കുണ്ട്. എന്റെ ക്രിക്കറ്റ് കരിയർ ദീർഘിപ്പിക്കാൻ ഇത് എനിക്ക് ചെയ്യണം. വിൻഡീസ് ക്രിക്കറ്റിന്റെ അടുത്ത തലമുറയ്ക്ക് കടന്നു വരാനും ഇത് സഹായിക്കും. എന്റെ ക്രിക്കറ്റ് ജീവിതം ഒരു വിജയമാകാൻ എന്നെ സഹായിച്ച എല്ലാവർക്കും ഈ വേളയിൽ ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു. എന്നെ പിന്തുണച്ച എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. ക്രിക്കറ്റ് ഒട്ടേറെ ഇതിഹാസങ്ങളോടൊപ്പം ഡ്രസിംഗ് റും പങ്കിടാൻ എനിക്കായി. ഒരു പ്രൊഫഷണൽ ക്രിക്കറ്ററായി ഞാൻ തുടർന്നും എല്ലാവരേയും വിനോദിപ്പിക്കുമെന്നും
പത്രക്കുറിപ്പിലൂടെ ബ്രാവോ പറഞ്ഞു.
കളിക്ക് പുറമേ മൈതാനത്തിൽ തന്റെ സാന്നിദ്ധ്യത്തിലൂടെ കാണികളെ ആവേശിപ്പിക്കാൻ ശ്രമിച്ച ഒരു എന്റർറ്റെയിനർ കൂടിയാണ് ബ്രാവോ. നൃത്ത ചുവടുകളും മറ്റ് ആഘോഷ രീതികളുമായി ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ടവനായി. "ചാംപ്യൻ' എന്ന ആൽബത്തിലുടെ യുടൂബിലും ബ്രാവോ താരമായി.