-huawei-5g-phone

ന്യൂഡൽഹി : 4 ജി ഫോണുകൾ അരങ്ങു തകർക്കുന്നതിനിടെ 5 ജി ഫോണുകളുമായി വിപണി പിടിക്കാനൊരുങ്ങുകയാണ് ഹുവാവെയ്. ഇന്ന് ആരംഭിച്ച ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് ഹുവാവെയ് അധികൃതർ ഇത് വെളിപ്പെടുത്തിയത്. അടുത്ത വർഷം ജൂൺ മാസത്തിലാണ് തങ്ങളുടെ ആദ്യ 5 ജി ഫോൺ ഇറക്കാൻ ഹുവാവെയ് ശ്രമിക്കുന്നത്.

കിരിൻ ചിപ്പസെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഹുവാവെയ് തയ്യാറായില്ല. വൺ പ്ലസിന്റെ അടുത്ത പ്രമുഖ ഫോൺ ഇറങ്ങുന്ന അതേ സമയമാണ് തങ്ങളുടെ പുതിയ ഫോണിറക്കാൻ ഹുവാവെയ് തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്. 5 ജി നെറ്റ്‌വർക്ക് സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ടെലിഫോൺ കമ്പനികളുമായി ചർച്ചയിലാണ് ഹുവാവെയ്.

എന്നാൽ ഹുവാവെയ്‌ക്ക് കാര്യങ്ങൾ അത്ര സുഖമമാകില്ലായെന്നാണ് സൂചന. പ്രമുഖ പ്രോസസർ നിർമ്മാതാക്കളായ ക്വാൽകോം അടുത്ത വർഷം 5 ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രോസസർ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5 ജി സംവിധാനം ഉപഭോക്താക്കൾക്ക് ലഭിക്കാൻ സമയമെടുക്കുമെങ്കിലും 5 ജി സജ്ജമായ ഫോൺ ഇന്ത്യയിൽ ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഹുവാവെയ്.