ലിയോണാർഡോ ഡാവിഞ്ചി
ലോകം വാഴ്ത്തുന്ന അത്ഭുത പ്രതിഭാശാലിയായ ചിത്രകാരനാണ് ഡാവിഞ്ചി. ചിത്രകാരനെന്നതിനപ്പുറം ശരീരശാസ്ത്രജ്ഞൻ, തത്വചിന്തകൻ, എൻജിനിയർ, തച്ചൻ, ശില്പി, ഗായകൻ എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനു ചേരും. ഇറ്റലിയിലെ ഉത്തരനവോത്ഥാന കാലത്തിന്റെ സന്തതിയാണ്.
ഫ്ളോറൻസ് നഗരത്തിന് സമീപമുള്ള വിഞ്ചി എന്ന ഗ്രാമത്തിലാണ് ജനനം. ഡാവിഞ്ചിയുടെ ഡയറിക്കുറിപ്പുകൾ ലോക പ്രസിദ്ധമാണ്.
അവസാനത്തെ അത്താഴം
മിലാനിൽ താമസിക്കുന്ന കാലത്താണ് ഡാവിഞ്ചി അനശ്വരമായ അന്ത്യ അത്താഴം വരയ്ക്കുന്നത്. യൂദാസ് അടക്കമുള്ള ശിഷ്യന്മാരുടെ കൂടെ അവസാനത്തെ അത്താഴം കഴിച്ചു കൊണ്ടിരിക്കെ നിങ്ങളിലൊരാൾ എന്നെ ചതിക്കും എന്ന് ക്രിസ്തു പറയുന്ന നിമിഷമാണ് ഈ രചനയ്ക്ക് പ്രേരണയായതെന്ന് കരുതുന്നു.
മൊണാലിസ
ഡാവിഞ്ചി വരച്ച വിശ്വപ്രസിദ്ധമായ മൊണാലിസ സൗന്ദര്യാരാധകരുടെ പ്രിയപ്പെട്ട ചിത്രമാണ്. ഫ്ളോറൻസുകാരനായ 'ദെൽഗിയാ ക്കോണ്ടോ' എന്ന കച്ചവടക്കാരന്റെ ഭാര്യയായിരുന്നു മൊണാലിസയെന്നുംഅതിനാൽ ഇറ്റലിയിലും ഫ്രാൻസിലും 'ലാഗിയാക്കോണ്ട' എന്ന പേരിലാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നതെന്നും വ്യാഖ്യാനമുണ്ട്. സൗന്ദര്യത്തിനൊപ്പം വിഷാദഛായയും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. മൊണോലിസയ്ക്ക് അനേകം പകർപ്പുകളുണ്ടായി. പാരീസിലെ ലൂർ മ്യൂസിയത്തിലാണ് മൂലചിത്രം സൂക്ഷിച്ചിട്ടുള്ളത്.
പ്രശസ്ത ചിത്രങ്ങൾ
കന്യകാമാതാവും, ശിശുവും, അന്നാപുണ്യവതിയുടെ കൂടെ' പാറകളുടെ കന്യകാമാതാവ് , സ്നാപകയോഹന്നാൻ എന്നിവ ഡാവിഞ്ചിക്ക് പ്രശസ്തി നേടിക്കൊടുത്ത ചിത്രങ്ങളാണ്. തന്റെ ജീവിതം വ്യർത്ഥമായിപ്പോയെന്ന് ഡാവിഞ്ചി പലപ്പോഴും വിലപിക്കുമായിരുന്നത്രേ. നിരാശ ബാധിച്ച് ഡയറിക്കുറിപ്പുകളെഴുതുന്നതിനിടയിൽ അദ്ദേഹം രചിച്ചതാണ് സ്നാപകയോഹന്നാൻ. ഡാവിഞ്ചിയുടെ അവസാന ചിത്രമാണിത്.
രാജാരവിവർമ്മ ചരിത്രവും ചിത്രങ്ങളും
ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവായി രാജാരവിവർമ്മയെ ചരിത്രകാരന്മാർ വിലയിരുത്തുന്നു. ലോകപ്രശസ്തനായി മാറിയ രവിവർമ്മ തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിൽ 1848 ഏപ്രിൽ 29ന് ജനിച്ചു. അച്ഛൻ എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാട്. അമ്മ ഉമാംബാബായി തമ്പുരാട്ടി. മൂന്നു സഹോദരങ്ങളുണ്ടായിരുന്നു.
കുട്ടിക്കാലത്തുതന്നെ ഭാരതീയ ശാസ്ത്രങ്ങളിലും സാഹിത്യത്തിലും പ്രാവീണ്യം നേടി. അഞ്ചാം വയസിൽ അമരകോശം, സിദ്ധരൂപം, ധാതുരൂപം എന്നിവ ഉരുവിട്ടു പഠിച്ചു.ആദ്യകാലത്ത് ചാണകം മെഴുകിയ നിലത്ത് വെള്ളചോക്കുകട്ടയോ ചുണ്ണാമ്പുകട്ടയോ കൊണ്ടു വരച്ചും പിന്നീട് പെൻസിൽ ഉപയോഗിച്ച് കടലാസിൽ വരച്ചുമാണ് പഠിച്ചത്. അതിനുശേഷം ജലച്ചായ ചിത്രരചന ശീലിച്ചു. പന്ത്രണ്ടാം വയസിൽ ഭാവനയിൽ നിന്ന് വരയ്ക്കാൻ കഴിവ് പ്രകടിപ്പിച്ചു.
രവിവർമ്മ ചിത്രം പോലെ
രവിവർമ്മ ആസ്വാദകരെയും ആരാധകരെയും മാത്രമല്ല സാഹിത്യകാരന്മാരെയും ആവേശം കൊള്ളിച്ചിരുന്നു. അക്കാലത്ത് പല തമിഴ് കവികളും നായികമാരുടെ സൗന്ദര്യത്തെക്കുറിച്ച് വർണിക്കുമ്പോൾ 'രവിവർമ്മ ചിത്രം പോലെ" എന്ന് ഉപമിച്ചിരുന്നു. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിൽ സുഭദ്രയുടെ സൗന്ദര്യത്തെ രവിവർമ്മ ചിത്രങ്ങളോട് ഉപമിച്ചിട്ടുണ്ട്.
മൈസൂറിൽ
1884അവസാനം മൈസൂർ രാജാവായ സർ ചാമരാജേന്ദ്ര വൊഡയാർ രാജാരവിവർമ്മയെ മൈസൂർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കിളിമാനൂർ കൊട്ടാരത്തിലേക്ക് കത്തയച്ചു. 1885 ആദ്യം അനുജൻ രാജരാജവർമ്മയോടൊപ്പം രവിവർമ്മ മൈസൂറിലേക്കു പോയി. ഇവിടെ വച്ച് മഹാരാജാവിന്റെയും കുടുംബത്തിന്റെയും ഛായാചിത്രങ്ങൾ രചിച്ചു. പ്രതിഫലമായി നിരവധി ഉപഹാരങ്ങൾ നൽകി. കൊട്ടാരമുറ്റത്ത് നിരന്നു നിന്ന ആനകളിൽ ഇഷ്ടപ്പെട്ടവ എടുക്കാൻ രാജാവ് പറഞ്ഞെങ്കിലും രവിവർമ്മ ഒരു ആനക്കുട്ടിയെ മാത്രമാണെടുത്തത്.
രവിവർമ്മയുടെ പ്രശസ്ത ചിത്രങ്ങൾ
പിച്ചിപ്പൂചൂടിയ നായർ വനിത
ശകുന്തളയുടെ പ്രേമലേഖനം
നിലാവെളിച്ചത്തിലെ സുന്ദരി
ചുവപ്പണിഞ്ഞ വനിത
ചിന്താമഗ്നയായ യുവതി
നളനും ദമയന്തിയും
കാദംബരി
മഹാശ്വേത
ദ്രൗപദി വസ്ത്രാപഹരണം
രവിവർമ്മയുടെ സാരിവേഷങ്ങൾ
ഇന്ത്യയിൽ സർവസാധാരണമായ സാരിവേഷം ദേശീയമായ ഒരു വസ്ത്രധാരണ രീതിയാകാൻ രവിവർമ്മ ചിത്രങ്ങൾ ഏറെ സഹായകമായി. നളനും ദമയന്തിയും, ശന്തനുവും മത്സ്യഗന്ധിയും, ശന്തനുവും ഗംഗയും, രാധയും മാധവനും, ശ്രീകൃഷ്ണനും ദേവകിയും, അർജുനനും സുഭദ്രയും ദ്രൗപദീവസ്ത്രാപഹരണം , ഹരിശ്ചന്ദ്രനും ചന്ദ്രമതിയും വിശ്വാമിത്രനും മേനകയും, സീതാസ്വയംവരം, കീചകനും സൈരന്ധ്രിയും തുടങ്ങിയ ചിത്രങ്ങളിലെ സാരി വിശേഷങ്ങൾ സാരിയോട് ഭ്രമമുണ്ടാക്കുന്നതാണ്.
പാരീസിൽ
1900 ൽ പാരീസിൽ നടന്ന കലാപ്രദർശനത്തിൽ രവിവർമ്മ അയച്ച ചിത്രങ്ങൾ യൂറോപ്പിൽ അത്ഭുതകരമായ പ്രശംസയ്ക്കു പാത്രമായി. ഈ ചിത്രങ്ങൾക്ക് കീർത്തിമുദ്രയും പ്രശസ്തിപത്രങ്ങളും സമ്മാനങ്ങളും ലഭിച്ചു. ഇനിയൊരു മത്സരത്തിനും ചിത്രങ്ങളയയ്ക്കില്ലെന്ന് രവിവർമ്മ ഈ സന്തോഷവേളയിലാണ് തീരുമാനമെടുത്തത്. മറ്റ്ചിത്രകാരന്മാർക്ക് അവസരം നൽകാൻവേണ്ടിയായിരുന്നു ഈ പിന്മാറ്റം.
അപൂർവ ബഹുമതി
1904-ൽ 'ഇന്ത്യാ സാമ്രാജ്യ ഗവൺമെന്റിൽ"നിന്ന് രവിവർമ്മയ്ക്ക് കേസർ - ഇ - ഹിന്ദു എന്ന ബഹുമതി മുദ്ര ലഭിച്ചു. ഇന്ത്യാ ചരിത്രത്തിൽ ഒരു ചിത്രകാരന് ആദ്യമായാണ് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ ഈ ബഹുമതി തിരുവിതാംകൂറിലെ പല ഉന്നതന്മാർക്കും രസിച്ചില്ല.
ആദ്യമായി എണ്ണച്ചായം വരുത്തിക്കൊടുത്ത് പ്രോത്സാഹിപ്പിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാന് പോലും ഇഷ്ടമായില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുമോദന പ്രവാഹമുണ്ടായപ്പോൾ തന്റെ ജന്മനാട്ടിൽ പല ഉറ്റവരുടെയും പെരുമാറ്റം അദ്ദേഹത്തെ വിഷമിപ്പിച്ചു.
വിൻസെന്റ് വാൻഗോഗ്
ഡച്ച് ഇംപ്രഷണിസ്റ്റ് ചിത്രകാരനാണ് വാൻഗോഗ്. 1853 മാർച്ച് 30 ന് ഹോളണ്ടിൽ ഒരു വൈദികന്റെ പുത്രനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 16-ാം വയസിൽ ബന്ധുക്കളുടെ ചിത്രവില്പനസ്ഥാപനത്തിൽ സഹായിയായി. പിന്നീട് ഗോഗ് പാരീസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു.
സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളോട് നിരന്തരം പ്രതികരിക്കുന്ന മനസായിരുന്നു. സ്ഥാപനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ ജോലി നഷ്ടമായി. പിന്നീട് കുറച്ചു നാൾ ഇംഗ്ളണ്ടിൽ സ്കൂൾ മാസ്റ്ററായി.
1877ൽ ആംസ്റ്റർഡാമിലെത്തി വൈദികവൃത്തി സ്വീകരിക്കാനായി പഠനം തുടങ്ങിയെങ്കിലും അത് തുടർന്നില്ല. കൽക്കരിത്തൊഴിലാളികൾ മതത്തിന്റെ പേരിലനുഭവിക്കുന്ന പീഡനത്തിനെതിരെ ശബ്ദമുയർത്തിയ ഗോഗിനെ അധികാരികൾ പിരിച്ചുവിട്ടു.
മികച്ച ചിത്രങ്ങൾ
ജീവിതത്തിൽ പല സമയത്തായി അനുഭവിച്ചയാതനകളും പീഡനങ്ങളുമാണ് ഗോഗിന്റെ ചിത്രങ്ങളുടെ ഊർജ്ജസ്രോതസ്. ദാരിദ്ര്യവും രോഗവും പ്രേമനൈരാശ്യങ്ങളും കൊണ്ട് അസ്വസ്ഥമായ മനസിൽ നിന്നുവന്ന ചിത്രങ്ങൾ ലോകത്തെ അതിശയിപ്പിച്ചു.സൺഫ്ലവർ, ദ പൊട്ടറ്റോ ഈറ്റേഴ്സ്, ദ യെല്ലോ ചെയർ എന്നീ വിഖ്യാത ചിത്രങ്ങളടക്കം നൂറുകണക്കിന് ചിത്രങ്ങൾ രചിച്ചു.
വിചിത്രമായ മനസ്
ഗോഗിന്റെ ചിത്രങ്ങൾ പോലെ വിചിത്രമായിരുന്നു ആ മനസും. 1888 ആയപ്പോഴേക്കും മാനസികമായ സന്തുലിതാവസ്ഥ നഷ്ടമായി സുഹൃത്തിനെ കത്തിയുമായി ആക്രമിച്ചു. ആരാധികയായിരുന്ന ഒരു പരിചാരികയുടെ തമാശ രൂപത്തിലുള്ള അഭ്യർത്ഥന കാര്യമാണെന്ന് കരുതി സ്വന്തം ചെവിയറുത്തു കൊടുത്തു. സെന്റ് റെമിയിലെ ഭ്രാന്താലയത്തിൽ മസ്തിഷ്കജ്വരം ബാധിച്ച് കഴിയുമ്പോഴും ചിത്രങ്ങൾ വരച്ചു. 1890 ജൂലായ് 27ന് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ജൂലായ് 29നാണ് മരിച്ചത്. ഗോഗിന്റെ മുന്നൂറോളം ചിത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഹോളണ്ടിലെ മ്യൂസിയം ചിത്രകലാ പ്രേമികളുടെ തീർത്ഥാടനകേന്ദ്രമാണ്.
മൈക്കലാഞ്ജലോ
മൈക്കലാഞ്ജലോ എന്ന പദത്തിന്റെ അർത്ഥം തന്നെ മൈക്കേൽ ദൈവദൂതനെന്നാണ്. അതേസമയം സ്വന്തം ചിത്രങ്ങളെ അദ്ദേഹം എപ്പോഴും തരം താഴ്ത്തി പറയുമായിരുന്നു. 'ഞാൻ കുറേകളിപ്പാവകളെയുണ്ടാക്കി. അതുകൊണ്ടെന്തു പ്രയോജനം? കടൽതാണ്ടിയിട്ടു ചതുപ്പുനിലത്തിൽ മുങ്ങിച്ചത്ത മനുഷ്യനല്ലേ ഞാൻ". എന്നാണ് മൈക്കലാഞ്ജലോ സ്വയം വിലയിരുത്തിയിരുന്നത്. 1475 മാർച്ച് ആറിനാണ് ജനനം. ജനിച്ചതും വളർന്നതും ഫ്ലോറൻസിൽ. ആറുവയസുള്ളപ്പോൾ അമ്മ മരിച്ചു. നഗരപ്രാന്തത്തിലെ ഒരു കല്ലുപണിക്കാരന്റെ ഭാര്യയാണ് വളർത്തിയത്. മുലപ്പാലിനൊപ്പം കല്ലുപണിയിലുള്ള പാടവവും അകത്താക്കിയെന്ന് പിൽക്കാലത്ത് മൈക്കലാഞ്ജലോ പറഞ്ഞിട്ടുണ്ട്.
മാർബിളിലെഴുതിയ കവിത
1498 ലാണ് മൈക്കലാഞ്ജലോ തന്റെ അനശ്വരമായ പിയാത്ത എന്ന കലാസൃഷ്ടിക്ക് ജന്മം നൽകിയത്. മാർബിളിലെഴുതിയ കവിതയെന്നാണ് ഈ പ്രതിമ വിശേഷിപ്പിക്കപ്പെട്ടത്. കുരിശിൽ നിന്നിറക്കിയ യേശുവിനെ മടിയിൽകിടത്തിയ കന്യാമറിയമാണ് ഈ രചനയിൽ.
വത്തിക്കാനിലെ സിസ്റ്റൈൻ ദേവാലയത്തിലെ ചിത്രങ്ങളാണ് അഞ്ഞൂറുവർഷങ്ങൾക്ക് ശേഷവും മൈക്കലാഞ്ജലോയുടെ കീർത്തിവർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. 1547 ലാണ് ലാസ്റ്റ് ജഡ്ജ്മെന്റ് (അവസാന വിധി) എന്ന ചിത്രം രചിച്ചത്. അപ്പോൾ പ്രായം അറുപത് വയസോടടുത്തിരുന്നു. സെന്റ് പീറ്റേഴ്സ് പള്ളിയുടെ പണി മൈക്കലാഞ്ജലോ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.മോസസ്, മരിക്കുന്ന അടിമ, വിപ്ലവകാരിയായ അടിമ എന്നിവയും അദ്ദേഹത്തിന്റെ വിഖ്യാത രചനകൾ.