kerala-dinner

രാത്രി വൈകിയുള്ള ആഹാരം പലരുടെയും പതിവാണ്. എന്നാൽ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരം വൈകിയുള്ള അത്താഴം ദഹനപ്രക്രിയ തകരാറിലാക്കുമെന്ന് മാത്രമല്ല, ഹൃദയാരോഗ്യത്തെ പോലും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രാത്രി വൈകി കഴിക്കുന്ന ആഹാരം ഒരിക്കലും ഊർജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശരീരത്തിൽ ശേഖരിക്കപ്പെടും. ഇത് അമിതവണ്ണത്തിന് കാരണമാകും.


ശരീരത്തിന് വിശ്രമം നൽകാതിരിക്കുന്നതിലൂടെ ഈ ശീലം ഉറക്കമില്ലായ്മയിലേക്ക് നയിക്കും. ഇത് മനസിന്റെ സുഖാവസ്ഥയെയും ബാധിക്കും.തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന ഈ ശീലം കാര്യങ്ങൾ ഗ്രഹിക്കാനും ഓർത്ത് വയ്ക്കാനുമുള്ള ശേഷി എന്നിവയെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൈകി അത്താഴം കഴിക്കുന്നവർക്ക് അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നിവ അനുഭവപ്പെടാറുണ്ട്. ദഹനപ്രക്രിയയ്ക്ക് മതിയായ സമയം ലഭിക്കാത്തതാണ് ഇതിന് കാരണം. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും. അന്നനാളത്തിൽ ആസിഡ് വർദ്ധിച്ചാണ് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്.