തിരുവനന്തപുരം: യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തേക്ക് 1680 സി.പി.എം പ്രവർത്തകരെ നിയോഗിക്കുമെന്ന് റിപ്പോർട്ട്. ദിവസ വേതന അടിസ്ഥാനത്തിൽ 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്‌ക്കലിലുമാണ് നിയോഗിക്കുന്നത്. ഇതു വഴി സന്നിധാനത്തെ പൂർണ നിയന്ത്രണം സർക്കാർ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഒരു മലയാള മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എല്ലാ വർഷവും ശബരിമലയിലെ വിവിധ ജോലികൾക്ക് വേണ്ടി പലവേലക്കാർ എന്ന പേരിൽ ആയിരത്തി അഞ്ഞൂറോളം പേരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കാറുണ്ട്. അരവണ തയ്യാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം, ഓഫീസ്, ഗെസ്‌റ്റ് ഹൗസ്, തീർത്ഥാടകരുടെ താമസസ്ഥലം എന്നിവിടത്തെ ജോലികൾക്കുമാണ് ഇവരെ നിയോഗിക്കുന്നത്. ഇതിന് പുറമെ കുന്നാർ അണക്കെട്ടിൽ സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് മൂന്ന് ദിവസത്തിലൊരിക്കൽ ഭക്ഷണമെത്തിക്കുന്നതും പലവേലക്കാരുടെ ചുമതലയാണ്. ഇത്തവണ ഇടത് പക്ഷ അനുഭാവികളിൽ നിന്ന് മാത്രം പലവേലക്കാരെ തിരഞ്ഞെടുക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ദിവസ വേതനക്കാർക്ക് മണ്ഡലകാലം കഴിയുന്നത് വരെ സന്നിധാനത്ത് കഴിയാൻ സാധിക്കും. ഇവർക്ക് വേണ്ട താമസം, ഭക്ഷണം എന്നിവ ഒരുക്കേണ്ടതും ബോർഡിന്റെ ചുമതലയാണ്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പ്രതിഷേധം കാരണം യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. പ്രതിഷേധക്കാരെന്ന രീതിയിൽ സന്നിധാനത്ത് സംഘടിച്ചത് സംഘപരിവാറുകാരാണെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവരെ നേരിടാൻ നിയോഗിക്കപ്പെട്ട പൊലീസുകാർക്കും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കും പിൻബലം നൽകാൻ എൽ.ഡി.എഫ് അനുകൂലികൾ ആരുമില്ലായിരുന്നു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.