മലയാള സിനിമയുടെ പ്രിയകഥാകാരൻ ലോഹിതദാസ് വിടവാങ്ങിയിട്ട് ഒൻപതാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്‌ദുള്ള, ഭരതം, അമരം, കമലദളം, വെങ്കലം, വാത്സല്യം, സല്ലാപം തുടങ്ങി ലോഹിയുടെ തൂലികയിൽ നിന്നുതിർന്ന കഥയും കഥാപാത്രങ്ങളും ഓരോ സിനിമാസ്വാദകന്റെയും മനസിൽ ചിരപ്രതിഷ്‌ഠ നേടിയവയാണ്. മലയാള സിനിമയുടെ ചരിത്രങ്ങളായ ലോഹിതദാസിന്റെ ഓരോ ചിത്രത്തിനും പറയാൻ കഥകൾ അതിലേറെയുണ്ട്. അത്തരത്തിൽ സല്ലാപം എന്ന സിനിമയിൽ മഞ്ജുവാര്യർ എത്തിയതിനെ കുറിച്ച് മനസുതുറക്കുകയാണ് ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ്.
'ചിത്രത്തിന്റെ നിർമ്മാതാവായ കിരീടം ഉണ്ണിയുടെ മനസിൽ അന്ന് നായികാനിരയിൽ കത്തി നിന്നിരുന്ന ആനിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തന്റെ കഥാപാത്രത്തിന് ആനിയോളം സൗന്ദര്യം ആവശ്യമില്ലെന്നും ഒരു നാടൻ പെൺകുട്ടി മതിയെന്നുമായിരുന്നു സാറിന്റെ ആഗ്രഹം. അങ്ങനെയാണ് മഞ്ജുവിന് അവസരം കൊടുത്തതും സുന്ദരിയായ ആനിയെ മാറ്റി നിറുത്തിയതും. പിന്നീട് തൂവൽകൊട്ടാരത്തിൽ മഞ്ജു തന്നെ അഭിനയിക്കണമെന്ന് സാറിന് നിർബന്ധമായിരുന്നു.
മഞ്ജു എന്നും നല്ല ബഹുമാനമുള്ള കുട്ടിയായിരുന്നു സാറിനോട്' -സിന്ധു പറഞ്ഞു. തനിക്ക് ഏറ്റവും ബഹുമാനമുള്ള നടിയും മഞ്ജു വാര്യർ ആണെന്നും സിന്ധു ലോഹിതദാസ് കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ 'സ്ട്രെയിറ്റ് ലൈൻ പരിപാടിയിലായിരുന്നു അവർ മനസ് തുറന്നത്.