minister-smriti-irani

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു. ബീഹാറിലെ സീതാമാർഹി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി സമർപ്പിക്കപ്പെട്ടത്. സരോജ് കുമാരി എന്ന വനിതയാണ് പരാതിക്ക് പിന്നിൽ. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, കർത്തവ്യത്തിൽ വീഴ്ച വരുത്തുക, സ്ത്രീകളുടെ മാന്യതയെ ഹനിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പരാതി ഈ മാസം 29ന് കോടതി പരിഗണിക്കും. മുംബയിൽ നടന്ന സ്വകാര്യ ചടങ്ങിനിടെ സ്മൃതി ഇറാനി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

സ്ത്രീകൾ അടക്കമുള്ളവർക്ക് പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അവർക്ക് ആരാധനാലയങ്ങൾ അശുദ്ധമാക്കാൻ അവകാശമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആർത്തവ രക്തം പുരണ്ട സാനിട്ടറി നാപ്കിനുമായി ആരെങ്കിലും സുഹൃത്തിന്റെ വീട്ടിൽ പോകുമോ എന്നും മന്ത്രി ചോദിച്ചിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയിൽ സുപ്രീം കോടതിയുടെ ഉത്തരവിനെ താൻ മാനിക്കുന്നു. അതിനെ മറികടക്കാൻ തനിക്കാകില്ല. ശബരിമലയിൽ നാപ്കിനുമായി സ്ത്രീയെത്തിയത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ വിവിധ സ്ത്രീ സംഘടനകൾ സ്മൃതിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ചിരുന്നു. നിരവധി ട്രോളുകളും മന്ത്രിക്കെതിരെ പ്രചരിച്ചു.