ഇസ്‌ലമാബാദ്: അന്താരാഷ്ട്ര ഭീകരനും മുംബയ് ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സെയിദിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയ്‌ക്കും ഫലാബി ഇൻസാനിയാത്ത് ഫൗണ്ടേഷനും ഏർപ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. രാജ്യത്തെ വിലക്കപ്പെട്ടിരുന്ന സംഘടനകളുടെ പട്ടികയിൽ നിന്ന് ഇവയെ മാറ്റാൻ പാകിസ്ഥാനിലെ പരമോന്നത കോടതിയാണ് ഉത്തരവിട്ടത്. അന്താരാഷ്ട്ര സമ്മർദ്ദവും സാമ്പത്തിക വിലക്ക് ഏർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിയും കണക്കിലെടുത്താണ് കഴിഞ്ഞ ഫെബ്രുവരിയിൽ പാക് പ്രധാനമന്ത്രിയായിരുന്ന മമ്‌നൂൻ ഹുസൈൻ ഹാഫിസ് സെയിദിന്റെ സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തിയത്.
തന്റെ സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തിയതിനെതിരെ ഹാഫിസ് സെയിദ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ സംഘടനയെ നിരോധിക്കാൻ വേണ്ട തെളിവുകൾ പാക് സർക്കാരിന്റെ കൈവശമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഹാഫിസ് സെയിദിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത്. അതേസമയം, ഒരു ഇടവേളയ്‌ക്ക് ശേഷം പാക് രാഷ്ട്രീയത്തിൽ ഹാഫിസ് സെയിദ് പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നാണ് വിവരം. ഇതിന്റെ ഭാഗമാണ് തന്റെ സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2008ൽ മുംബയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് സെയിദിനെ രക്ഷാസമിതിയുടെ നിർദ്ദേശാനുസരണം യു.എൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അമേരിക്ക സെയിദിനെ ആഗോള ഭീകരപട്ടികയിൽ പെടുത്തുകയും ഇയാളുടെ തലയ്‌ക്ക് 10 മില്യൻ യു.എസ് ഡോളർ വിലയിടുകയും ചെയ്‌തു. സെയിദ് നേതൃത്വം നൽകുന്ന ജമാഅത്തു ദഅ്‌വ, മുംബയ് ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നിരോധിത തീവ്രവാദി സംഘടനയായ ലഷ്‌കറെ ത്വയിബയുടെ പോഷകഘടകമാണ്.