ന്യൂഡൽഹി: കേന്ദ്രസർക്കാരിന് വൻ തിരിച്ചടി നൽകി സി.ബി.ഐയിലെ ആഭ്യന്തരപ്രശ്നങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സി.ബി.ഐ.ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. 12 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. സുപ്രീം കോടതി മുൻജഡ്‌ജി എ.കെ.പട്‌നായിക്കിന്റെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണം പൂർത്തിയാക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അലോക് വർമ ഫയൽ ചെയ്ത ഹർജിയും അഴിമതിയാരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കണമെന്ന കോമൺ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ചേരിപ്പോര് രൂക്ഷമായതിനെത്തുടർന്ന് സി.ബി.ഐ ഡയറക്ടർ അലോക് വർമയെയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. അലോക് വർമയെ നീക്കിയത് ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനും വിനീത് നരെയ്‌ൻ കേസിലെ സുപ്രീം കോടതി വിധിക്കുമെതിരാണെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചത്.
നിലവിൽ സി.ബി.ഐ ഡയറക്‌ടർ ചുമതല നൽകിയിരിക്കുന്ന നാഗേശ്വറ റാവുവിന് ഭരണപരമായ അധികാരം മാത്രമെ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം നയപരമായ കാര്യങ്ങളിലൊന്നും ഇടപെടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടുത്ത മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.