cbi

1. ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടരുന്നു. ഇതുവരെ സംഘർഷവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, 2061 പേർ. ഇന്നലെ രാത്രി മാത്രം പൊലീസ് പിടികൂടിയത് 700 പേരെ. 452 കേസുകൾ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായവർ റിമാൻഡിൽ എന്നും 1500ഓളം പേരെ ജാമ്യത്തിൽ വിട്ടു എന്നും പൊലീസ്. നിലയ്ക്കലിൽ വാഹനം തടഞ്ഞ 12 സ്ത്രീകൾക്ക് എതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.


2. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ബാധ്യത എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. അക്രമം നടത്തിയ കൂടുതൽ ആളുകൾക്ക് എതിരെ നടപടി ഉണ്ടാകും എന്നും മണ്ഡല കാലത്ത് എത്തുന്ന യുവതികൾക്ക് സുരക്ഷ ഒരുക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു എന്നും വിശദീകരണം. മണ്ഡലകാലം നിയന്ത്രിക്കാനും പൊലീസിന് പ്രത്യേക പദ്ധതി. ശബരിമലയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകരേയും കർശനമായി നിരീക്ഷിക്കാൻ പദ്ധതി തയ്യാറാക്കുന്നത് കെ.എസ്.ആർ.ടി.സിയുമായി ചേർന്ന്. ദർശന സമയത്തെ നാല് മണിക്കൂർ വീതമുള്ള പ്രത്യേക ടൈം സ്‌ളോട്ടുകളായി തിരിച്ച് തീർത്ഥാടകരെ നിയന്ത്രിക്കും.


3. ഓരോ ടൈം സ്‌ളോട്ടിലും നിലയ്ക്കലിൽ നിന്ന് കടത്തിവിടുന്നത് പരമാവധി 30,000 തീർത്ഥാടകരെ മാത്രം. ഒരു ദിവസത്തെ നാല് ടൈം സ്‌ളോട്ടുകളായി തിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ഓരോ സ്‌ളോട്ടിലേക്കും ദർശനം അനുവദിക്കും. ക്യു ആർ കോഡുള്ള ടിക്കറ്റുമായി നിലയ്ക്കലിൽ എത്തുന്നവരെ ആകും കെ.എസ്.ആർ.ടി.സി ബസിൽ കയറ്റുന്നത്. ഈ നിയന്ത്രണം വരുന്നതോടെ എത്രപേർ ശബരിമലയിലേക്ക് വന്നു എന്നും എത്രനേരം ഇവർ സന്നിധാനത്ത് ചെലവഴിച്ചു എന്നും മനസിലാക്കാനാകും.


4. സി.ബി.ഐ തലപ്പത്തെ മാറ്റം സംബന്ധിച്ച കേസുകൾ സുപ്രീംകോടതിയിലേക്ക്. സി.ബി.ഐ ഡയറക്ടറെ നീക്കിയതിന് എതിരെയുള്ള രണ്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്, കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് മുൻ ഡയറക്ടർ അലോക് വർമ്മ ഫയൽ ചെയ്ത ഹർജിയും സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ഹർജിയും.


5. കേന്ദ്രസർക്കാരിന് സി.ബി.ഐ മേധാവിയെ മാറ്റാൻ അധികാരം ഇല്ലെന്നും ഇത് നിയമവിരുദ്ധം എന്നും അലോക് വർമ്മയുടെ വാദം. സി.ബി.ഐ തലപ്പത്ത് ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് ഡയറക്ടർ അലോക് വർമ്മയെയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് കോടതി പരിഗണിക്കുന്ന കേസുകൾ കേന്ദ്ര സർക്കാരിന് നിർണായകം. സി.ബി.ഐ ഡയറക്ടർമാരെ മാറ്റിയത് റഫാൽ അഴിമതി മൂടിവെയ്ക്കാൻ എന്ന് ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.


6. അതേസമയം, അലോക് വർമ്മയേും രാകേഷ് അസ്താനയേയും മാറ്റിയിട്ടില്ല എന്നും ചുമതലകളിൽ നിന്ന് നീക്കുക മാത്രമാണ് ഉണ്ടായത് എന്നും സി.ബി.ഐ വിശദീകരണം. താൽക്കാലിക മാറ്റം ഇരുവർക്കും എതിരെ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ. അന്വേഷണം കഴിയുന്നത് വരെ നാഗേശ്വര റാവുവിന് താൽക്കാലിക ചുമതല മാത്രം എന്നും വിശദീകരണം.


7. ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ. ശശി എം.എൽ.എയും മന്ത്രി എ.കെ. ബാലനും ഇന്ന് ഒരേ വേദിയിൽ. മന്ത്രിയും എം.എൽ.എയും ഒന്നിച്ച് എത്തുന്നത് മണ്ണാർക്കാട്ട് സി.പി.ഐ വിട്ട് സി.പി.എമ്മിലേക്ക് വരുന്ന പ്രവർത്തകർക്കുള്ള സ്വീകരണ യോഗത്തിൽ. പീഡന പരാതിയിൽ അന്വേഷണം നേരിടുമ്പോൾ അന്വേഷണ കമ്മിഷൻ അംഗത്തോടൊപ്പം വേദി പങ്കിടുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. എന്നാൽ പി.കെ. ശശിക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞു. ഷൊർണൂരിൽ കാൽനട പ്രചരണ ജാഥയിൽ പി.കെ. ശശി ക്യാ്ര്രപൻ ആകുന്നതിലും പാർട്ടിയിൽ പ്രതിഷേധം ശക്തമാണ്.


8. ആൻഡ്രോയിന്റെ പിതാവിനെ പോലും വിടാതെ മീ ടൂ വിവാദം. ലൈംഗിക അതിക്രമങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗൂഗിൾ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി മേധാവി സുന്ദർ പിച്ചൈ. ഗൂഗിൾ മേധാവിയുടെ വിശദീകരണം, ആൻഡ്രോയിഡിന്റെ സ്രഷ്ടാവായ ആൻഡി റൂബിൻ ഉൾപ്പെടെ ഉള്ളവരെ ഗൂഗിൾ സംരക്ഷിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ. 2014 ഒക്ടോബറിൽ റൂബിൻ ഗൂഗിളിനോട് വിടപറഞ്ഞതല്ല, ഗുരുതരമായ ലൈംഗിക ആരോപണത്തെ തുടർന്ന് പുറത്താക്കിയത് എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.


9. അതേസമയം, ഗൂഗിൾ പുറത്താക്കിയ 48 പേരിൽ 13 പേർ സീനിയർ മാനേജർമാരും മുതിർന്ന പദവികൾ വഹിച്ചിരുന്നവരും ആണെന്ന് സുന്ദർ പിച്ചൈ പറയുന്നു. ലൈംഗിക അതിക്രമങ്ങൾ പരാതിപ്പെടാൻ പുതിയ സംവിധാനങ്ങൾ ഗൂഗിൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട് എന്നും പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാർക്ക് പരാതി അറിയിക്കാം എന്നും ഗൂഗിൾ മേധാവി.


10. 62ാമത് സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കം. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിലെ ആദ്യ സ്വർണം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖിന്. ജൂനിയർ പെൺകുട്ടികളുടെ 3000മീറ്ററിൽ കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ സനിക കെ.പിയും സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മാർബേസിൽ സ്‌കൂളിലെ ആദർശ് ഗോപിയും സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ തിരുവനന്തപുരം സായിയിലെ സാജൻ ആർ സ്വർണം നേടി. ആദ്യ ദിനം 31 ഇനങ്ങളിൽ ഫൈനലുകൾ നടക്കും. ഇക്കുറി മീറ്റിൽ മത്സരിക്കുന്നത് 2200 താരങ്ങൾ. മീറ്റ് ഞായറാഴ്ച അവസാനിക്കും.