ചിരപുരാതനമാണ് ഹിന്ദുസംസ്കാരം. ഇത് രൂപപ്പെട്ടുവന്നത് സനാതനമായ ഉപനിഷത്തുകളുടെ അടിത്തറയിലാണ്. അതുകൊണ്ട് തന്നെയാണ്, എന്നുമുള്ളത് എന്ന അർത്ഥത്തിൽ സനാതനധർമ്മം എന്നപേരിൽ ഹിന്ദുമതം നിലനിൽക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ പോലും, ഒരിക്കൽ ശുദ്ധമായ ഹിന്ദുമതത്തിലെ സഗുണ നിർഗുണ ഉപാസനകളെപ്പറ്റി പഠിപ്പിക്കണം എന്ന് പറയുകയുണ്ടായി. ഋഷിപ്രോക്തങ്ങളായ ഉപനിഷത്തുക്കളിലൂടെ പകർന്നുവന്ന സർവാത്മ സാഹോദര്യത്തിന്റെതായ ധർമ്മമായിരുന്നു ഗുരുദർശനത്തിന്റെയും അടിത്തറ. ഭാരതത്തിന്റെ അതിവിശിഷ്ടമായ ഈ സനാതന പാരമ്പര്യത്തെ ഗുരു അംഗീകരിച്ചിരുന്നു എന്നുമാത്രമല്ല അതിലൂടെ ജീവിക്കുകയും സനാതനമായ അദ്വൈതദർശനത്തെ സാക്ഷാത്കരിക്കുകയും ചെയ്തു. അദ്വൈതത്തിനും ഉപനിഷത്തുക്കൾക്കും എതിരായതൊന്നും ഗുരു പറഞ്ഞിട്ടില്ല. ഉപനിഷത്കാലത്തിൽ കണ്ടെത്തിയ ഈ നിത്യസത്യത്തിലേക്കാണ് ഗുരു നമ്മെ നയിച്ചത്. അല്ലാതെ യുക്തിശൂന്യമായ ഭൗതിക വിപ്ലവ ആശയങ്ങളിലേക്കല്ല.സാക്ഷാൽ ശ്രീശങ്കരന്റെ അദ്വൈതം തന്നെയായിരുന്നു ശ്രീനാരായണ ഗുരുദേവന്റേതും. 'ബ്രഹ്മസത്യം ജഗദ് മിഥ്യ" എന്ന തത്വദർശനം തന്നെയാണ് 'നേരല്ല ദൃശ്യം ഇതു ദൃക്കിനെ നീക്കിനോക്കിൽ, കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല" എന്നീ ഗുരുവാക്യങ്ങളിലും നിറഞ്ഞുനിൽക്കുന്നത്. ഇന്ന് ചില ഗുരുദേവശിഷ്യൻന്മാരും ആധുനിക പുരോഗമനവാദികളും ഗുരുവിന്റെ ദർശനത്തെ ശങ്കരന്റെ ദർശനത്തിൽ നിന്നും അകറ്റി ഒരു സ്വതന്ത്ര അദ്വൈതദർശനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് സ്വജാതി പ്രേമമാണ്. ഈശ്വരൻ മാത്രമാണ് സത്യം. ജഗത്തായി പ്രകാശിക്കുന്നത് ഈശ്വരനല്ലാതെ വേറൊന്നുമല്ലായെന്ന കണ്ടെത്തലാണ് അദ്വൈത ദർശനത്തിന്റെ അടിത്തറ. ഈ ദർശന ഐക്യം ശ്രീശങ്കരനിലും ശ്രീബുദ്ധനിലും ശ്രീനാരായണ ഗുരുദേവനിലും സമന്വയിച്ചു നിൽക്കുന്നത് കാണാം.എന്നാൽ ശ്രീശങ്കരന് സാമൂഹ്യവീക്ഷണത്തിൽ തെറ്റുപറ്റിയെന്ന അഭിപ്രായം ഗുരു തുറന്ന് പ്രകടിപ്പിക്കുമ്പോൾ, ശ്രീശങ്കരനുപോലും ശാരീരിക സാമൂഹിക വാസനകളെ സത്യദർശനത്തിന്റെ ജ്ഞാനാഗ്നിയാൽ എരിച്ചുകളയാൻ കഴിഞ്ഞില്ല . ജന്മജന്മാന്തരങ്ങളായി പിൻതുടർന്നുവരുന്ന ജീവന്റെ വാസനകളുടെ ഒരു കണികപോലും ശ്രീനാരായണഗുരുദേവന്റെ ചിന്തകളിലും പ്രവൃത്തികളിലും ജീവിതത്തിലും കാണുന്നില്ല എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.
ഇന്ത്യയിൽ ശ്രീബുദ്ധനും ശ്രീനാരായണഗുരുവിനുമൊപ്പം മറ്റൊരു മഹാത്മാവിന് സ്ഥാനം ലഭിക്കാതെപോയത് സാമൂഹിക ജീവിതത്തിൽ ഗുരു എടുത്ത നിലപാടിനുള്ള അംഗീകാരമാണ്. താഴ്ന്ന ജാതിയെങ്കിലും ജ്ഞാനത്തിലും സാമൂഹിക നവീകരണത്തിലും യുക്തി ഭദ്രമായ വീക്ഷണവും പ്രവൃത്തികളിൽ ശാന്തശീതളമായ കാന്തിയും പ്രകാശിപ്പിച്ചിരുന്ന ഗുരുവിന്റെ കീർത്തിയിൽ അസൂയപൂണ്ടിരുന്നു പലരും. അവർ ഗുരുവിന്റെ ജീവിതകാലത്തും സമാധിക്ക് ശേഷവും ഗുരുവിന്റെ ഗുരുസ്ഥാനം സ്ഥാപിച്ചെടുക്കാനും സവർണ പാരമ്പര്യത്തിന്റെ നുകത്തിൽക്കെട്ടാനും വെമ്പുകയും പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ പ്രഥമശിഷ്യനും നായർസമുദായ അംഗവുമായ ശിവലിംഗ സ്വാമികളുടെ നിരീക്ഷണം ഇവിടെ വളരെ ശ്രദ്ധേയമാണ്. ' മമതാരഹിതാത്മൻ" ഒട്ടുംതന്നെ സ്വാർത്ഥതയില്ലാത്തവനെന്നും ഗുരു ഷഡ്കത്തിൽ സ്തുതിക്കുന്നുണ്ട്. സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടും സമുദായത്തോടും യാതൊരു തരത്തിലുമുള്ള മമതയുമില്ലാതെ സർവജീവജാലങ്ങളെയും ആത്മസഹോദരരായി കാണാൻ സാധിച്ചത് ഗുരുവിന്റെ പ്രായോഗിക അദ്വൈതമായിരുന്നു. ഗുരുവിന്റെ നർമ്മഭാഷണങ്ങളിൽ പോലും അദ്വൈതവും ഭദ്രമായ ശാന്തിയും നിറഞ്ഞു നിന്നിരുന്നു.
'ദി ലൈറ്റ് ഒഫ് ഏഷ്യ" എന്ന പുസ്തകം ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥ ശിഷ്യനായ ശൂരനാട് കുഞ്ഞൻപിള്ളയുടെ മകൻ ശൂരനാട് രവി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ , ആമുഖത്തിൽ, ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാത്മാവ് ശ്രീനാരായണഗുരുദേവനാണെന്ന് എടുത്തുപറയുന്നുണ്ട്. സഞ്ചാരവും വെറും ലീലകളുമായി പ്രിയഗൃഹങ്ങളിൽ സല്ലപിച്ച് കഴിയാതെ ഒരു കാലഘട്ടത്തിലെ മനുഷ്യസമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനുവേണ്ടി സ്വജീവിതം സമർപ്പിക്കുകയായിരുന്നു ഗുരു. ശൈവപാരമ്പര്യാധിഷ്ഠിതമായ ഒരു ദർശനത്തെ അവതരിപ്പിച്ചുകൊണ്ട് ആ പരമ്പരയിലെ മഹാസിദ്ധനായി കേരളക്കരയിൽ അവതരിച്ച ശ്രീനാരായണഗുരുദേവനെ നവകേരള സൃഷ്ടിയുടെ പ്രഥമസ്ഥാനത്തുനിന്നും മാറ്റിനിറുത്തി ബ്രാഹ്മണപൗരോഹിത്യ വാഴ്ചയിലൂടെയാണ് കേരള നവീകരണം നടന്നതെന്നും അതല്ല മറ്റുപലരുമാണ് ആദ്ധ്യാത്മികഭൗതിക പ്രകാശം തെക്കേ ഇന്ത്യയിൽ കൊളുത്തിവച്ചതെന്നും പുതിയ ചില ചരിത്രഗവേഷകർ പ്രചരിപ്പിക്കുന്നു. ആധുനികകാലത്തും ജാതിമേധാവിത്വത്തിന്റെ നീരാളിപ്പിടിത്തവും ചരിത്രത്തിന്റെ ഗതിമാറ്റാനുള്ള പ്രേരണയുടെ പ്രബലതയും ഇതിലൂടെ നമുക്ക് കാണാനാവും.1928 സെപ്തംബർ 20 ന് ഗുരുദേവൻ മഹാസമാധിയടഞ്ഞു. കേരളക്കരയാകെ അന്ന് നിശ്ചലമായി. മഹാകവി രവീന്ദ്രനാഥ ടാഗോറും, വിശ്വമഹാകവി സി.എഫ്. ആൻഡ്രൂസും, മഹാത്മജിയും ദർശനത്തിനെത്തിയപ്പോൾ നൃത്തംചെയ്തുകൊണ്ട് സ്വാഗതം ചെയ്ത, ശിവഗിരിയിലെ വൃക്ഷലതാദികൾ പോലും നിശ്ചലമായി. ഒരു മഹാബോധിയുടെ പരിനിർവാണത്തിൽ അവ ധ്യാനലീനരായി നിന്നു. സാധാരണക്കാരായ മലയാളക്കര മുഴുവനും ദുഃഖസാഗരത്തിലാണ്ടുപോയി.
നവയുഗസൃഷ്ടിയുടെ പിതാവായ മഹാഗുരുവിന്റെ സമാധികഴിഞ്ഞ് നാൽപ്പത്തിയൊന്നു ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലമഹാപൂജ ഗുരുവിന്റെ പ്രഗൽഭരായ ശിഷ്യന്മാർ നിശ്ചയിച്ചു. ദിവസവും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തി എല്ലാദിവസവും ജപവും പ്രർത്ഥനയും അന്നദാനവും നടത്തിക്കൊണ്ടിരുന്നു. നാൽപ്പത്തിയൊന്നാം നാൾ യതിപൂജയ്ക്കായി ഭാരതത്തിന്റെ വിവിധദേശങ്ങളിൽ നിന്നും അനേകം മഹാത്മാക്കളായ സംന്യാസികളും അനേകലക്ഷം ഭക്തജനങ്ങളും ശിവഗിരിയിലെത്തിച്ചേർന്നു. പൂക്കളും പച്ചക്കറികളും ശിവഗിരിയിൽ കുമിഞ്ഞുകൂടി. യതിപൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാവർക്കുമുള്ള ഭക്ഷണങ്ങൾ തയ്യാറായിത്തുടങ്ങി. അവസാനനിമിഷം അഗ്നിപർവതം പൊട്ടിയതുപോലെ യതിപൂജ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഓർഡർ വരികയുണ്ടായി. ഭക്ഷണസാധനങ്ങളും, പൂക്കളും പച്ചക്കറികളുമെല്ലാം കുഴിച്ചുമൂടി. എല്ലാവരും ഉപവാസത്തോടെ പ്രാർത്ഥിച്ചു. ശിവഗിരി വീണ്ടും ദുഃഖക്കടലായി. ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും മനസിൽ അശാന്തിയുടെ കരിനിഴൽ പടർന്നു. അന്നുമുതൽ ഇന്നുവരെ നമ്മളിൽ ആ താപം അണയാതെ കിടക്കുകയായിരുന്നു.ഗുരുവിന്റെ ശിഷ്യന്മാർ തീരുമാനിച്ചതും അന്ന് നടക്കാതെ പോയതുമായ യതിപൂജയാണ് ഇന്ന് ഗുരുവിന്റെ മഹാസമാധിയുടെ 90 -ാം വർഷം ആചരിക്കുന്ന വേളയിൽ നടത്തുന്നത്. ഗുരുവിന്റെ സംന്യാസി ശിഷ്യസംഘവും ഗൃഹസ്ഥശിഷ്യസംഘമായ എസ്.എൻ.ഡി.പി യോഗവും സംയുക്തമായാണ് ഗുരുദേവ മഹാസമാധി നവതിയാചരണ യജ്ഞമൊരുക്കുന്നത്.സത്യദർശികളും സംന്യാസിന്മാരുമായ മഹാത്മാക്കളെ പൂജിക്കുന്നതും അവർ മഹാസമാധി പ്രാപിക്കുമ്പോൾ നാൽപ്പത്തിയൊന്നാം ദിവസം യതിപൂജ നടത്തുന്നതും ഭാരതത്തിന്റെ മാത്രം സവിശേഷതയാണ്. പ്രണവം ഉണർന്ന മഹാബോധികളായ മഹാഗുരുക്കന്മാർ സമാധിയാകുമ്പോൾ മണ്ഡലമഹാപൂജയും യതിപൂജയും ഭാരതത്തിന്റെ അദ്ധ്യാത്മ പാരമ്പര്യത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. യോഗശാസ്ത്രമനുസരിച്ച് മനസിനെ മെരുക്കിയെടുക്കാനുള്ള കുറഞ്ഞകാലയളവാണ് നാൽപ്പത്തിയൊന്ന് ദിവസം. ജപ ധ്യാനാധികളോടുകൂടി പ്രാർത്ഥനാനിരതരായി നാൽപ്പത്തിയൊന്ന് ദിവസം മനസിനെ ശാന്തമാക്കി ഗുരുചൈതന്യത്തോട് ചേർത്തു നിറുത്തി സ്വജീവനെ അമൃതസ്രോതസായ അകപ്പൊരുളിലേക്ക് അല്ലെങ്കിൽ ഗുരുചൈതന്യത്തിലേക്ക് ചേർത്തുനിറുത്തുകയാണ് ചെയ്യേണ്ടത്.
ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനേകം മഹാത്മാക്കളെ ക്ഷണിച്ചുകഴിഞ്ഞു. പണ്ഡിതരും, തപസ്വികളുമായ സംന്യാസിമാരെ ഈശ്വരന്റെ പ്രതിപുരുഷന്മാരായി സങ്കൽപ്പിച്ച് അവരുടെ പാദം ഗുരുപാദമായി കരുതി, ആ പാദം കഴുകി പാദപൂജചെയ്ത് ദക്ഷിണയും വസ്ത്രവും ഭക്ഷണവും സമർപ്പിച്ച് അവരെ തിരിച്ചയയ്ക്കുന്ന വിശിഷ്ടമായ ചടങ്ങാണ് യതിപൂജ.
പൂർവജന്മപുണ്യം ചെയ്തവർക്ക് മാത്രമേ യതിപൂജ കാണാനും പൂജയിൽ പങ്കെടുക്കാനും സാധിക്കൂ. അത്യപൂർവമായ ഈ പുണ്യകർമ്മമാണ് ശിവഗിരിയിൽ നടക്കാൻ പോവുന്നത്. യതിപൂജ ചെയ്ക എന്നത് ഗുരുഭക്തരായ നമ്മുടെ കടമയും അവകാശവുമാണ് . 'നാം ശരീരമല്ല അറിവാകുന്നു' എന്നു പ്രഖ്യാപിച്ച ഗുരുവിന്റെ ശരീരനാശത്തിൽ സന്തപിച്ചാണ് നാം ഇത് ചെയ്യുന്നതെന്ന് ധരിക്കരുത്. ഇത് ആ മഹാഗുരുവിനുവേണ്ടിയുള്ള പൂജയല്ല, നമുക്കുവേണ്ടി നാം നമ്മുടെ കടം വീട്ടുകയാണ്. ഗുരുവിനുവേണ്ടി ചെയ്യുന്നു എന്നുപറയുമ്പോൾ സൂര്യനെ കാണാൻ വിളക്കുകത്തിച്ചു നോക്കുന്നതുപോലെ അപഹാസ്യരായിത്തീരും. ചെയ്യാൻ കഴിയാതെ പോയ യതിപൂജ ചെയ്തുകൊണ്ട് ആ പരമപാവന പാദത്തിൽ നമ്മുടെ മനസിനെയും ശരീരത്തെയും സമർപ്പിക്കുകയാണ് ഇവിടെ. ഗുരുവിന്റെ നേരിട്ടുള്ള ശിഷ്യൻമാരാൽ തീരുമാനിച്ച യതിപൂജ ഇന്നുനടത്താൻ നിശ്ചയിച്ചതും അതിൽ പങ്കെടുക്കാൻ കഴിയുന്നതും നമ്മുടെ സുകൃതമാണ്. ധർമ്മസംഘം ട്രസ്റ്റിന്റെയും, എസ്.എൻ.ഡി.പി യോഗത്തിന്റെയും സംയുക്തമായ ഈ തീരുമാനം ഗുരുനിശ്ചയമാണ്. അതു നാം സർവാത്മനാ സ്വീകരിക്കേണ്ടതുമാണ്.
(ലേഖകൻ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയാചരണ കമ്മിറ്റി സെക്രട്ടറിയാണ് )