''നിങ്ങൾ വന്നിട്ട് അധിക നേരമായോ?' വിജയ അവരെ നോക്കി.
''ഇല്ല.' ഒരാൾ പറഞ്ഞു.
സൈബർ സെൽ എസ്.ഐ ബിന്ദുലാൽ ആയിരുന്നു അത്.
അവർക്കിടയിൽ അല്പനേരത്തെ മൗനം. അത് മുറിച്ചത് വിജയയാണ്.
''ആരാണ് ഈ കൽക്കി എന്നു പറയുന്ന മുസാഫിർ സുബ്രഹ്മണ്യ ഈശോ എന്നു കണ്ടുപിടിച്ചോ?'
''ഇല്ല... അയാൾ സ്വന്തം ഫോണിൽ നിന്ന് ഇന്നുവരെ ആരെയും വിളിച്ചിട്ടില്ല സ്വന്തം പേരു പറഞ്ഞ്. ഒരു തവണയെങ്കിലും അവൻ ആ പേരു പറഞ്ഞിരുന്നെങ്കിൽ ഞാൻ തപ്പിയെടുത്തേനെ...' ബിന്ദുലാൽ ഉറപ്പിച്ചു പറഞ്ഞു:
''അവൻ ആരെയെങ്കിലും സ്വന്തം പേരു പറഞ്ഞു വിളിച്ചാൽ ആ ഫോൺ മറ്റാരുടേത് എങ്കിലുമാണെന്ന് ഉറപ്പ്.'
ആ ആറംഗ സംഘം ചീന്താധീനരായി.
''നമുക്ക് പാരലലായിട്ടാണ് അവന്റെയും പോക്ക്. സത്യന്റെ ഘാതകരെ നമ്മൾ തീർക്കണമെന്നു കരുതിയപ്പോഴാണല്ലോ അവന്റെ ഇടപെടൽ. ഇത്രയും കാലം അവന്റെ പേര് നമ്മൾ കേട്ടിട്ടില്ല. പെട്ടെന്ന് എവിടെനിന്നു വന്നുവെന്നാണ് അറിയാത്തത്.'
എസ്.ഐ ആർജവ് പറഞ്ഞു.
''അതവിടെ നിൽക്കട്ടെ..' ആറംഗ സംഘത്തിലെ നാലാമൻ സംസാരിച്ചു. ''ക്വട്ടേഷൻ സംഘക്കാരെ നിയോഗിച്ച 'സാർ' ആരെന്ന് അറിയണ്ടേ വിജയയ്ക്ക്?'
വിജയ പിടഞ്ഞുണർന്നു.
''കണ്ടുപിടിച്ചോ അത്? എസ്.പി സാർ അയാളെ തിരക്കി നടക്കുകയാണല്ലോ..'
''എസ്.പി സാറിന് സാധിച്ചില്ലെങ്കിൽ സൈബർ സെല്ലിൽ ഇരിക്കുന്നവന് സാധിക്കാതിരിക്കുമോ?'
ബിന്ദുലാൽ അഭിമാനത്തോടെ സംസാരിച്ചു.
'പലവട്ടം അരുണാചലം സാർ എന്നോടു തിരക്കി. എന്തെങ്കിലും വിവരം കിട്ടിയോന്ന്. ഇല്ലെന്നു പറഞ്ഞ് ഞാൻ തടിയൂരി.'
''ഒന്നു പറ ബിന്ദൂ. ആരാണവൻ. എന്റെ കുഞ്ഞനുജനെ...'
വിജയ അസ്വസ്ഥയായി. അവളുടെ ശബ്ദം ചിലമ്പി.
''ഡിവൈ.എസ്.പി അനിരുദ്ധൻ. അയാളാണ് ആ 'സാർ'.'
''ങ്‌ഹേ?' വിജയ നടുങ്ങിപ്പോയി.
''എന്തിന് അയാൾ....?'
''അതിന്റെ ഉത്തരം നമുക്കു കിട്ടേണ്ടത് അയാളുടെ നാവിൽ നിന്നു തന്നെയാണ്. ഏതായാലും ഒന്നുറപ്പാണ്. മറ്റാർക്കോ വേണ്ടിയാണ് അനിരുദ്ധൻ ആ ഇടപാട് നടത്തിയത്.'
ആർജവിന് അക്കാര്യത്തിൽ സംശയമില്ല.
വിജയയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു:
''നിങ്ങൾ അഞ്ചുപേരോടും കൂടി ഒരു കാര്യം ഇപ്പഴേ ഞാൻ പറഞ്ഞേക്കാം. അനിരുദ്ധൻ സാറിന് മാപ്പില്ല. തല്ലിച്ചതച്ച് അയാളെ ജീവനോടെ വിട്ടേക്കാം എന്ന് ആരും പറഞ്ഞേക്കരുത്. അനുസരിക്കില്ല ഞാൻ.'
അഞ്ചുപേരും അവളുടെ മുഖത്തേക്കു നോക്കി. നിലാവെളിച്ചമേറ്റ് ആ കണ്ണുകൾ നീല രത്നങ്ങൾ പോലെ തിളങ്ങുന്നത് അവർ കണ്ടു.
''അക്കാര്യം നമുക്ക് പിന്നെ ചർച്ച ചെയ്യാം വിജയേ...' എസ്.ഐ ഉമേഷ് കുമാർ പറഞ്ഞു. ''സൈബർ സെല്ലിൽ ബിന്ദുലാലിനെക്കാൾ മിടുക്കന്മാർ ഉള്ളതുകൊണ്ടാണ് ഫോണിൽ ചർച്ച ചെയ്യാതെ നമ്മൾ ഇവിടെ കൂടിയതെന്നോർക്കണം. നമ്മുടെ നെസ്റ്റ് മൂവ്‌മെന്റ്...'
''അതേക്കുറിച്ച് ഇനിയെന്തു ചിന്തിക്കാൻ? ഓപ്പറേഷൻ അനിരുദ്ധൻ.'
വിജയ അതിൽനിന്നു പിന്നോട്ടില്ല.
''ഓക്കെ.' മറ്റുള്ളവർ സമ്മതിച്ചു.
''എപ്പോൾ... എവിടെവച്ച്... എങ്ങനെ?'
വിജയ തലപുകച്ചു.
പെട്ടെന്ന് അവൾക്ക് ഒരാശയം കിട്ടി.
''ഇലന്തൂർ ഖാദി ഭവന് അടുത്തുള്ള ഒരു വീട്ടിലെ സ്ത്രീയുമായി അനിരുദ്ധന് അവിഹിതബന്ധമുണ്ട് എന്നത് ഡിപ്പാർട്ട്‌മെന്റിൽ പരസ്യമായ രഹസ്യമാണ്. ബിന്ദുലാൽ നോക്കിക്കഴിഞ്ഞാൽ അയാൾ അവിടെ പോകുന്ന സമയം കണ്ടെത്താൻ കഴിയും. ആ സ്ത്രീയുടെ ഭർത്താവ് വിദേശത്തോ മറ്റോ ആണ്. അവർക്ക് താൻ ചെല്ലുന്ന വിവരം അയാൾ ഫോൺ ചെയ്ത് അറിയിക്കാതിരിക്കില്ല..'
ആ ആശയം എല്ലാവർക്കും ഇഷ്ടമായി.
അയാൾ അവിടെ എത്തുന്ന ദിവസം പിടികൂടണമെന്ന് തീരുമാനിച്ച് അവർ പിരിഞ്ഞു.
അടുത്ത ദിവസം.
വിജയ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തി ഒന്നു കുളിച്ചു. വേഷം മാറി വന്നപ്പോൾ മാലിനി മകൾക്കു ചായ നൽകി.
അവരുടെ കണ്ണുകളിലെ നനവ് ഇനിയും മാറിയിട്ടില്ല. വിജയയ്ക്ക് അമ്മയുടെ മുഖത്തെ സങ്കടം കാണാനുള്ള കരുത്തില്ല.
മറ്റെവിടെയോ നോക്കിക്കൊണ്ട് അവൾ ചായക്കപ്പു വാങ്ങി.
സത്യന്റെ സഞ്ചയനം നാളെയാണ്. അതിനു വേണ്ട സാധനങ്ങളൊക്കെ അനൂപ് വാങ്ങിക്കൊണ്ടു വന്നു.
ഒരു ഭാഗത്ത് അത് ഭദ്രമായി ഒതുക്കിവച്ചു.
വിജയ ചായയുമായി തന്റെ മുറിയിലേക്കു പോയി.
'റെഡ് ഗ്രൂപ്പിൽ' എന്തെങ്കിലും മെസേജ് ഉണ്ടോ എന്ന് അറിയാൻ ഫോൺ എടുത്തതേയുള്ളൂ. അതിൽ ഒരു മെസേജ് വന്നു.
വിജയ നോക്കി.
'റെഡ് ഗ്രൂപ്പിന്റേതു തന്നെ.
ബിന്ദുലാൽ ഇട്ട മെസേജ്...
അവളുടെ നെഞ്ചിടിപ്പേറി. തിടുക്കത്തിൽ മെസേജ് തുറന്നു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു.
''സാലറി ചലഞ്ചിൽ നമ്മൾ എല്ലാവരും പങ്കാളികളാണം. ഇന്നു രാത്രി പതിനൊന്നു മണിക്ക് അക്കാര്യത്തിൽ തീരുമാനം എടുക്കണം...''
വാചകങ്ങൾക്കിടയിലെ അർത്ഥം വിജയയ്ക്കു മനസ്സിലായി. അനിരുദ്ധൻ പതിനൊന്നുമണിക്ക് ആ സ്ത്രീയെ കാണാനെത്തും.! (തുടരും)