കോട്ടയം: നഗരത്തിരക്കിൽ പായുമ്പോൾ ഇങ്ങനെയാരു കുടുംബം തൊട്ടടുത്ത് മാലിന്യത്തിന് നടുവിൽ കഴിയുന്നത് ആരും അറിയില്ല. സുഗന്ധദ്രവ്യങ്ങൾ എത്ര പുകച്ചാലും ഭക്ഷണം കഴിക്കുമ്പോൾ ദുർഗന്ധവും ഈച്ചയും ഒഴിയില്ല. കൂട്ടിന് വിട്ടുമാറാതെ ത്വക്ക് രോഗങ്ങളുമുണ്ട്. നഗരസഭയിലടക്കം പരാതി കൊടുത്തിട്ടും മലിനജലത്തിന് നടുവിൽ നിന്ന് തടത്തിൽ കെ.ഐ ജോസഫിനും ഭാര്യയ്ക്കും മോചനമില്ല.
ശാസ്ത്രി റോഡിൽ ഖാദി ഗ്രാമോദ്യോഗിന് സമീപത്തെ ഡ്രെയിനേജ് അടഞ്ഞതോടെയാണ് പൈക്കാടാസ് ചെല്ലിയോഴുക റോഡിൽ താമസിക്കുന്ന ഇവരുടെ ദുരിതം തുടങ്ങിയത്. മലിനജലത്തിലൂടെ നീന്തി വേണം വീട്ടിലേക്ക് കയറാനും ഇറങ്ങാനും. കിണർ പൂർണമായും ഉപയോഗശൂന്യമായി. മഴ കൂടി പെയ്താൽ പിന്നെ പറയുകയേ വേണ്ട. പുറംലോകവുമായുള്ള ഇവരുടെ ബന്ധം മുറിഞ്ഞിട്ട് ആറുമാസമായി. വെള്ലം കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചിടുണ്ട്. ഏതാനും മാസം മുൻപ് സ്റ്റുഡിയോ ഉൾപ്പടുന്ന കെട്ടിടവും മതിലും തകർന്ന് വീണിരുന്നു. കമ്പ്യൂട്ടറും ഫർണിച്ചറുകളും മലിനജലത്തിനടിയിലാണ്. സമീപത്തെ കെട്ടിടങ്ങളിലും മറ്റും താമസിച്ചിരുന്നവർ ഒഴിഞ്ഞുപോയി. പ്രളയസമയത്ത് വെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ എത്തി ഡ്രെയിനേജ് വൃത്തിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് ഇതുവഴി ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ചെയർപേഴ്സൺ ഡോ.ബി.ആർ സോന, ജില്ലാ കളക്ടർ, വി.എൻ.വാസവൻ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.
രോഗഭീതിയിൽ
വീടിനു ചുറ്റും മലിനജലം നിറഞ്ഞതോടെ ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ജോസഫും ഭാര്യയും. നഗരത്തിലെ വൻകിട ഫ്ളാറ്റുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കിണറടക്കം മലിനമായതിനാൽ രോഗഭീഷണിയും ഇവരെ അലട്ടുന്നു.