തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് വിവാദം സൃഷ്‌ടിച്ച കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ജി.രാമൻനായർ ഉടൻ ബി.ജെ.പിയിൽ ചേരും. ബി.ജെ.പി ദേശീയ നേതാക്കളുമായി അടക്കം ചർച്ച നടത്തിയ രാമൻനായർ ഉടൻ തന്നെ കോൺഗ്രസ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടി ഉദ്ഘാടനം ചെയ്‌തതിന്റെ പേരിൽ കോൺഗ്രസ് അച്ചടക്ക നടപടി നേരിടുമ്പോഴാണ് രാമൻനായരുടെ നിർണായക നീക്കം. അതേസമയം, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തിൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന് കൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
കോൺഗ്രസ് പാർട്ടിയിൽ നിന്നും തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ജി.രാമൻനായർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റെന്ന നിലയിലാണ് ശബരിമല വിഷയത്തിലെ പ്രതിഷേധത്തിൽ പങ്കെടുത്തത്. പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ പ്രവർത്തനം തുടരേണ്ടതുണ്ട്. ഇതിനായി കോൺഗ്രസ് അവസരം തന്നില്ലെങ്കിൽ ബി.ജെ.പിയിലേക്ക് പോവുകയല്ലാതെ മറ്റ് മാർഗമില്ല. ഇതിനോടകം തന്നെ ബി.ജെ.പി നേതാക്കന്മാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. അവർ തന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്. കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.