കൊച്ചി: സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. സംസ്ഥാനത്തെ റോഡിന്റെ എല്ലാം അവസ്ഥ വളരെ മോശമാണെന്നും, വി.ഐ.പികൾ വന്നാൽ മാത്രമെ റോഡ് നന്നാക്കുകയുള്ളോ എന്നും കോടതി ചോദിച്ചു. ആ സ്ഥിതി മാറേണ്ടതാണെന്നും മികച്ച റോഡുകൾ നിർമ്മിക്കുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്ത് പൊതുതാത്പര്യ ഹർജിയായി സ്വീകരിച്ചതിന്ശേഷമായിരുന്നു കോടതിയുടെ വിമർശം. ദീർഘവീഷണമില്ലാതെയാണ് ഇവിടെ റോഡുകൾ പണിയുന്നത്. പേരിന് റോഡുകൾ നന്നാക്കിയാൽ പോരാ. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോയെന്നും കോടതി ചോദിച്ചു.
കൊച്ചി കാക്കനാട് സിവിലയിൻ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് ജസ്റ്റിസുമാർ ഇന്നലെയാണ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത
കേരളത്തിലെ ഭൂപ്രകൃതിയാണ് മോശം റോഡുകൾക്ക് കാരണമെന്ന സർക്കാർ വിശദീകരിച്ചപ്പോൾ പല ആളുകളും നിശബ്ദമായി സഹിക്കുകയാണെന്നാണ് കോടതി പറഞ്ഞത്.ടാറിംഗ് വൈകുന്നതിന് മഴ കാരണമെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇങ്ങനെ മുന്നോട്ട് പോയാൽ പോരെന്നും ഹൈക്കോടതി വിമർശിച്ചു. ഒരാഴ്ചക്കുള്ളിൽ എന്തുനടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.