ന്യൂഡൽഹി: സി.ബി.ഐ തലപ്പത്തുണ്ടായ കേന്ദ്രസർക്കാർ ഇടപെടലിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്‌റ്റിൽ. ഡൽഹി സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതിഷേധത്തിനിടെ നേതാക്കൾ അറസ്‌റ്റ് വരിച്ചെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, സമാധാനപരമായി സമരം നടത്തിയ നേതാക്കളെ പൊലീസ് അന്യായമായി അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് ഡൽഹി ലോധി കോളനി പൊലീസ് സ്‌റ്റേഷന് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ പങ്ക് വെളിച്ചത്ത് വരാതിരിക്കാൻ കേന്ദ്രസർക്കാർ സി.ബി.ഐയിൽ അനധികൃത ഇടപെടൽ നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹി സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അതേസമയം, കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടി അംഗീകരിക്കാനാവില്ലെന്നും മോദി സർക്കാരിനെതിരെ പോരാട്ടം തുടരുമെന്നും സുർജേവാല പ്രതികരിച്ചു. മോദി സർക്കാർ എത്രയൊക്കെ പരിശ്രമിച്ചാലും കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കോൺഗ്രസ് അവസാനിപ്പിക്കില്ല. പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി തന്റെ അധികാര പരിധി ഉപയോഗിച്ച് ആക്രമിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജനങ്ങൾക്ക് വേണ്ടി നാളിത് വരെ ഒന്നും ചെയ്യാത്ത കോൺഗ്രസ് നേതാക്കൾ ബി.ജെ.പി സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.