johny

മൂന്ന് വ‌ർഷങ്ങൾക്ക് മുന്പ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അച്ചാദിൻ എന്ന സിനിമയെടുത്ത് കൈ പൊള്ളിയതാണ് ജി.മാർത്താണ്ഡൻ എന്ന സംവിധായകന്. എന്നാൽ 2016ൽ പൃഥ്വിരാജിനെ നായകനാക്കി പാവാട എന്ന സിനിമയിലൂടെ മാർത്താണ്ഡൻ ശക്തമായ തിരിച്ചു വരവ് നടത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം ജോണി ജോണി യെസ് അപ്പാ എന്ന് സിനിമയിലൂടെ ഒന്നുകൂടി കുടുംബകഥയുമായാണ് മാർത്താണ്ഡൻ എത്തിയിരിക്കുന്നത്.

വലിയ കള്ളനും കുട്ടിക്കള്ളനും
അദ്ധ്യാപകനായ കറിയാച്ചന്റെ മൂന്ന് മക്കളിൽ രണ്ടാമത്തവനാണ് ജോണി (കുഞ്ചാക്കോ ബോബൻ)​. കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഒരു രൂപ മോഷ്ടിച്ച് തുടങ്ങിയ ജോണി പിന്നെ വലിയ കളികൾ മാത്രമാണ് കളിക്കുന്നത്. എല്ലാവരേയും വിഡ്ഢികളാക്കി പൊതുസമൂഹത്തിൽ മാതൃകാപുരുഷൻ ചമയുന്ന ജോണിയുടെ ജീവിതം കുട്ടിക്കള്ളന്റെ വരവോടെ പാളം തെറ്റുന്നതെങ്ങനെയാണെന്നാണ് സിനിമ ചർച്ച ചെയ്യുന്നത്.

johny3

കോമഡി നിറയുന്ന ആദ്യപകുതി

ജോണിയുടെ കുട്ടിക്കാലത്തിലേക്ക് കാമറ തിരിക്കുന്ന സംവിധായകൻ ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് ആവോളം ചിരിക്കാനുള്ള വക കരുതിവച്ചിട്ടുണ്ട്. പിടിക്കപ്പെടുമെന്ന അവസ്ഥയിൽ കട്ടെടുത്ത മുതലോ കളവോ മറ്റൊരാളുടെ തലയിൽ വച്ചുകെട്ടാൻ അസാമാന്യ മികവുള്ളവരെ നമുക്ക് ചുറ്റിലും കാണാം. മാർത്താണ്ഡന്റെ ജോണിയും അത്തരത്തിലൊന്നാണ്. പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന സിനിമ പിന്നീട് അതിവേഗം കോമഡിയുടെ ട്രാക്കിലൂടെ ചീറിപ്പായുകയാണ്. ജോണിയുടെ സഹോദരങ്ങളുടെ വേഷത്തിലെത്തുന്ന പീറ്റർ (ടിനി ടോം)​,​ ഫിലിപ്പ് (പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷറഫുദ്ദീൻ)​ എന്നിവരാണ് കോമഡി രംഗങ്ങളുടെ ചുമതലക്കാർ.


രണ്ടാം പകുതിയിൽ സിനിമ നാടകീയ സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജോണിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആദം (സനൂപ്)​ എന്ന കുട്ടിക്കള്ളന്റെ ദുരൂഹതയുണർത്തുന്ന കഥയിലൂടെ പിന്നെ സിനിമയുടെ സ‌ഞ്ചാരം. ചിലപ്പോഴൊക്കെ അതിനാടകീയതയിലേക്ക് സിനിമ വഴുതി വീഴുന്നുണ്ടെങ്കിലും അസാമാന്യ മികവോടെ തിരിച്ചുപിടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ ജോജി തോമസിന്റെ തിരക്കഥയ്ക്ക് ചെറിയ ശക്തിക്കുറവ് ഉണ്ടെന്നുള്ളത് പലയിടങ്ങളിലും പ്രേക്ഷകന് അനുഭവിച്ച് അറിയാനാകും. ആദമിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സംവിധായകൻ ഇതിനായി മെലോഡ്രാമയുടെ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെലോഡ്രാമയായതിനാൽ തന്നെ വികാരങ്ങളുടെ തള്ളിച്ചയും സിനിമയിൽ നിന്ന് അനുഭവിച്ചറിയാനാകൂം. ഇതിനായി ഒരു കൊലപാതകത്തിന്റെ ഉപകഥയെ തിരക്കഥയുമായി കോർത്തിണക്കുകയും ചെയ്തു തിരക്കഥാകൃത്ത്. ക്ളൈമാക്സ് രംഗങ്ങൾക്ക് കുറച്ച് കൂടി ശക്തി ഉണ്ടായിരുന്നെങ്കിലെന്ന് പ്രേക്ഷകർ ആഗ്രഹിച്ചു പോയാൽ കുറ്റം പറയാനാകില്ല.

johny1


ജോണിയായി വിലസുന്ന കുഞ്ചാക്കോ ബോബൻ

ജോണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ സ്വാഭാവിക അഭിനയത്തിന്റെ നേർക്കാഴ്ചയായാണ് മാറുന്നുണ്ട്. എന്നാൽ,​ കഥാപാത്രത്തിന് കൂടുതൽ പെർഫോം ചെയ്യാനുള്ള സ്‌കോപ്പ് തിരക്കഥയിലില്ലാതെ പോയി. ചോക്ളേറ്റ് നായകനെന്ന ലേബലിലും കുഞ്ചാക്കോ ബോബൻ നിറഞ്ഞുനിൽക്കുന്നു.johny4

ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന ഫിലിപ്പ് എന്ന കഥാപാത്രം ചിലപ്പോഴെങ്കിലും കാർട്ടൂൺ കഥാപാത്രത്തിന്റെ മാനറിസങ്ങളിലേക്ക് മാറുകയാണ്. ഓട്ടോ ‌ഡ്രൈവറുടെ വേഷത്തിലെത്തുന്ന ടിനി ടോമും തന്റെ ഭാഗം ഭംഗിയാക്കി. നായികയായെത്തുന്ന അനു സിത്താര തുന്പ്പൂ സൗന്ദര്യം കൊണ്ട് വീണ്ടും പ്രേക്ഷകരെ ആകർഷിക്കും. അദ്ധ്യാപകന്റെ വേഷത്തിലെത്തുന്ന വിജയരാഘവൻ മികച്ചു നിൽക്കുന്നു. ഗീത,​ കലാഭവൻ ഷാജോൺ,​ അബു സലിം,​ മേഘനാഥൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അതിഥി താരങ്ങളായി നെടുമുടി വേണു,​ ലെന,​ മംമ്ത മോഹൻദാസ് എന്നിവരും എത്തുന്നു.