kadakampalli

തിരുവനന്തപുരം: രാഹുൽ ഈശ്വ‌ർ വായിൽ നിന്ന് വിഷം വമിക്കുന്ന വിഷജന്തുവാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചോര ഒഴുക്കിയോ മൂത്രമൊഴിച്ചോ ശബരിമല നടയടയ്ക്കാൻ മാർഗം കണ്ടെത്തിയെന്ന് പറഞ്ഞത് രാഹുൽ ഈശ്വർ എന്ന വിഷജന്തുവാണ്. ഇതുവഴി വലിയ ഗൂഢാലോചനയുടെ ചുരുളാണ് അഴിഞ്ഞത്. നട അടയ്ക്കാനുള്ള എളുപ്പവഴി നടയിൽ പെടുക്കലാണ് എന്ന് പറയാൻ മടിയില്ലാത്ത പരമനാറികളാണിവരെന്നും കടകംപള്ളി വിമർശിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമലയിൽ വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിൽ ഒരു തരിമ്പും സർക്കാർ പിറകോട്ട് പോവില്ല. എന്നാൽ വർഗീയവിഷം ചീറ്റുന്ന നികൃഷ്ടജീവികളോട് ഒരൊത്തുതീർപ്പിനുമില്ല താനും. വർഗീയ വിദ്വേഷം പരത്തുന്ന വ്യാജപ്രചരണം സാധാരണക്കാരും നിഷ്കളങ്കരുമായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കി' -മന്ത്രി പറഞ്ഞു.

ആർ.എസ്.എസിൽ നിന്ന് അച്ചാരം വാങ്ങിയവരാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം എം.എൽ.എ വി.എസ്. ശിവകുമാറുമെന്ന് കടകംപള്ളി ആരോപിച്ചു. അതുകൊണ്ടാണിവർ പത്തനംതിട്ടയിൽ പോയി ശബരിമല വിധിയുടെ പേരിൽ നിരാഹാരം കിടന്നത്. ഖദറിനടിയിൽ കാക്കി നിക്കറിട്ട് നടക്കുന്ന ചെന്നിത്തലയാണ് വിധിയുടെ പേരിൽ സർക്കാരിനെതിരെ പത്തനംതിട്ടയിൽ ആദ്യമായി ഉപവാസമിരിക്കാൻ പോയതെന്നും കടകംപള്ളി വിമർശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ശബരിമല യുവതീപ്രവേശന വിധിയുടെ കാര്യത്തിൽ ആർ.എസ്.എസ് കളം മാറ്റിച്ചവിട്ടിയത്. രണ്ട് വോട്ടിന് വേണ്ടി എന്ത് നെറികേടും കാണിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളായി കോൺഗ്രസും ബി.ജെ.പിയും മാറി. ഇനി മുണ്ടുരിയുന്ന വേഗത്തിൽ കോൺഗ്രസിൽ നിന്ന് ആളുകൾ ബി.ജെ.പിയിലേക്ക് പോകാൻ പോവുകയാണ്.

ഇപ്പോഴത്തെ വിധിക്ക് ആസ്പദമായ കേസ് 2006ൽ നൽകിയ അഞ്ച് യുവതികൾ കടുത്ത ആർ.എസ്.എസുകാരാണ്. 12 വർഷം ഈ കേസ് നടത്തിയപ്പോഴെല്ലാം ശ്രീധരൻ പിള്ള എവിടെയായിരുന്നു? കേസിന്റെ വിധി ഏത് രൂപത്തിലുമാകാമല്ലോ. വിധി തങ്ങളുടെ നിലപാടിന് ദോഷകരമാവാതിരിക്കണമെങ്കിൽ എന്തുകൊണ്ട് ആ യുവതികളോട് പിന്മാറാൻ പറഞ്ഞില്ല? ഇന്ന് കേരളത്തിന്റെ മതനിരപേക്ഷ, സാംസ്കാരിക ബോധ മണ്ഡലത്തിൽ ഒരു പറ്റം വർഗീയവാദികൾ വിഷം കലർത്തുകയാണ്.

നാല് വർഷത്തെ മോദിഭരണം രാജ്യത്തിന്റെ സർവ്വമേഖലകളെയും തകർത്തു. സാമ്പത്തികവളർച്ച ഇല്ലാതാക്കി. സാധാരണ ജനങ്ങളുടെ ജീവിതം ക്ലേശകരമായെന്നും കടകംപള്ളി പറഞ്ഞു.