lalithasree

നടിയെന്ന നിലയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് മലയാളത്തിന്റെ പ്രിയതാരം ലളിതശ്രീ എട്ടു വർഷം മുൻപ് ചെന്നൈയിലേക്ക് വണ്ടികയറിയത്. എന്നുകരുതി അവസരങ്ങൾക്കായി കാത്തിരിക്കുന്ന റിട്ട. നടിയല്ല ലളിത ശ്രീ. താരത്തിന്റെ സമയത്തിനായി കാത്തിരിക്കുകയാണ് തമിഴ്, തെലുങ്ക് മലയാളം സിനിമാ ഇൻഡസ്ട്രി ഒന്നാകെ. കാരണം നമ്മൾ തിരശീലയിൽ കാണുന്ന പല മൊഴിമാറ്റ ചിത്രങ്ങൾക്കു പിന്നിലും പ്രവർത്തിക്കുന്നത് ലളിതശ്രീയാണ്. ഇപ്പോൾ തിരക്കിൽ നിന്നും തിരക്കിലേക്ക് നീങ്ങുന്ന ലളിതശ്രീയ്ക്ക് പറയാൻ വിശേഷങ്ങൾ ഏറെയുണ്ട്.

അഭിനയം കുറച്ചതാണോ?
അല്ല. അവസരങ്ങൾ കുറഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. പിന്നെ കാമറയ്ക്കു മുന്നിൽ നിന്നാൽ മാത്രമേ നമ്മുടെ ജോലി ചെയ്യാൻ കഴിയൂ എന്നില്ലല്ലോ.അണിയറയിൽ നിന്ന് ജോലി ചെയ്യുന്ന തിരക്കുള്ള സിനിമാക്കാരിയാണ് ഞാനിന്നും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ മൊഴിമാറ്റി എത്തുന്നുണ്ട്. അതിൽ പലതിനും സ്‌ക്രിപ്ട് ചെയ്യുന്നത് ഞാനാണ്.സ്‌ക്രിപ്ട് മാത്രമല്ല ഡബ് ചെയ്ത് ഒരു പരിപൂർണ സിനിമയാക്കി വിതരണക്കാർക്ക് നൽകുന്നു. രാവിലെ 9ന് സ്റ്റുഡിയോയിൽ കയറിയാൽ രാത്രി 9വരെ നീളുന്ന ജോലിയുണ്ട്. അതുകൊണ്ടു തന്നെ അവസരങ്ങൾ കുറഞ്ഞതിനെ കുറിച്ച് ഓർക്കാനോ വിഷമിക്കാനോ ഒന്നും സമയം കിട്ടാറില്ല. ഐ.വി ശശി സാറിന്റെ ബൽറാം വേഴ്സസ് താരാദാസാണ് അവസാനമായി അഭിനയിച്ച ചിത്രം. പുതിയ കുട്ടികളുടെ സിനിമകളൊക്കെ കാണാറുണ്ട്. ഫഹദ് ഫാസിലും ദുൽഖർ സൽമാനും പാർവതിയുമൊക്കെ എത്ര കാലിബറുള്ളവരാണ്. സിനിമയുടെ കഥ പറച്ചിലിന്റെ രീതിതന്നെ മാറിപ്പോയി. മാറ്റം എപ്പോഴും നല്ലതാണെന്ന് വിശ്വസിക്കുന്നു.


ചെന്നൈയിലേക്ക് പോയത്?
സിനിമയിൽ സജീവമായിരുന്ന കാലത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്. നാലു വർഷം മാത്രമാണ് കേരളത്തിൽ താമസിച്ചത്. അപ്പോഴും വളരെക്കുറച്ച് സിനിമ മാത്രമാണ് ലഭിച്ചത്. ഇതിനിടെ സഹോദരന്റെ ഭാര്യ മരിച്ചു. അവനും മകനും മാത്രമായി ചെന്നൈയിൽ. അമ്മയും പോയതോടെ ഞാനും ഒറ്റയ്ക്കായി. അങ്ങനെ ചെന്നൈയിൽ താമസമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ വീണ്ടും വന്നിട്ട് എട്ടു വർഷമായി. ജീവിക്കാൻ വേണ്ടിയാണ് സിനിമയിലെത്തിയത്. ഒരിക്കലും ഒരു നടിയാകണമെന്ന് മോഹിച്ചല്ല. ഇതിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട് എനിക്കും അമ്മയ്ക്കും അനിയനും നല്ല രീതിയിൽ ജീവിക്കാൻ കഴിയണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. ആ ആവശ്യം ഇന്നും നിറവേറപ്പെടുന്നുണ്ട്. അതിൽ വളരെ സന്തുഷ്ടയാണ് ഞാൻ.

അഭിനയ രംഗത്തെത്തിയത്?
അച്ഛൻ ആന്ധ്രയിൽ ഡോക്ടറായിരുന്നു. അന്ന് ആ വരുമാനം മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ഇന്നത്തെപോലെ വലിയ ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ മരണം. രണ്ടു വർഷം എന്തു ചെയ്യണമെന്നറിയാതെ അമ്മ ഞങ്ങളെയും കൊണ്ട് കോട്ടയത്തെ വീട്ടിലിരുന്നു. അതിനിടയിൽ എന്റെ ചേച്ചിയെ വിവാഹം കഴിപ്പിച്ചയച്ചു. പിന്നെ മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായപ്പോൾ 1975ൽ ഞാൻ അഭിനയരംഗത്തെത്തി. അതിൽ നിന്നുള്ള വരുമാനം കൊണ്ട് അനിയനെ ഒരു നല്ല നിലയിലെത്തിക്കാൻ കഴിഞ്ഞു. മരണംവരെ അമ്മയെ നല്ല രീതിയിൽ നോക്കാൻ പറ്റി. ഇതൊക്കെയല്ലേ നമുക്കുള്ള സന്തോഷം.

ഇതിനിടയിൽ സ്വന്തം ജീവിതം മറന്നോ?
അങ്ങനെയില്ല. പെറ്റമ്മയല്ലാതെ മറ്റു ബന്ധങ്ങളെല്ലാം നമ്മൾ സൃഷ്ടിച്ചെടുക്കുന്നതാണെന്ന വിശ്വാസക്കാരിയാണ് ഞാൻ. അതുകൊണ്ടുതന്നെ അത്തരം ബന്ധങ്ങളില്ലാത്തതിൽ വിഷമവുമില്ല. ഒരു കുട്ടി വേണമെന്ന് തോന്നിയപ്പോൾ ദത്തെടുക്കാൻ തീരുമാനിച്ചു. അന്ന് ആ ഓർഫനേജിലെ അധികാരി എന്നോട് ചോദിച്ചു ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കാൾ അവിടുള്ള എല്ലാ കുട്ടികളുടെയും അമ്മയായി ഇരുന്നുകൂടേയെന്ന്. ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. ഇന്ന് എന്റെ ഒപ്പം ജോലി ചെയ്യുന്നവർപോലും എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. മുഖമൊന്ന് വാടിയാൽ അവർക്കു മനസിലാകും. ചുറ്റും മക്കളുള്ള സന്തോഷവതിയായ ഒരമ്മയാണ് ഞാൻ.


ഇന്നത്തെപോലെ സിനിമയ്ക്കുള്ളിലെ ദുരനുഭവങ്ങൾ തുറന്നു പറയാൻ അവസരമുണ്ടായിരുന്നോ?
അങ്ങനെ ഉണ്ടായിരുന്നില്ല. അത്തരം പറച്ചിലുകൾ അവസരം കുറയ്ക്കുമോ, പ്രതികാര നടപടിയുണ്ടാകുമോ, അവരുടെ അടുത്ത സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുമോ തുടങ്ങി ഒരായിരം ചോദ്യങ്ങൾ ഉള്ളിൽതന്നെ ചോദിക്കും. ഇന്നത്തെ പെൺകുട്ടികൾ അങ്ങനെയല്ല. അവസരങ്ങളെ കുറിച്ച് അവർക്ക് വേവലാതിയില്ല. സമത്വത്തിനായാണ് അവർ പോരാടുന്നത്. അത് പ്രശംസനീയം തന്നെയാണ്.

മീ ടു വിവാദങ്ങളെക്കുറിച്ച്?
എല്ലാം ശ്രദ്ധിക്കാറുണ്ട്. അറിയാറുണ്ട്. അങ്ങനെയൊന്നും നടന്നിട്ടില്ല, അത് വ്യാജമാണ് എന്നൊന്നും പറയാൻ ഞാൻ ആളല്ല. കാരണം പുറത്തുപറയാൻ തയാറായവർ അത്തരം പ്രശ്നങ്ങൾ കൺമുന്നിൽ നേരിട്ടവരാണ്. അതുകൊണ്ടാണ് അവർ മുന്നോട്ടു വരുന്നതും. എന്നും ഇരയാക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നു തന്നെയാണ് എന്റെ വാദം. കാരണം ആരും നീതി നിഷേധത്താൽ വേദനിക്കപ്പെടാൻ ഇടയാവരുത്. ഏത് പരാതിക്കും രണ്ടു വശമുണ്ടാകും. അത് മനസിലാക്കണം. തനിക്കുനേരെ ഉയരുന്ന അക്രമത്തിനെതിരെ അന്നുതന്നെ പ്രതികരിക്കാൻ കഴിയാത്തവരാണ് വർഷങ്ങൾ കഴിഞ്ഞ് തുറന്നു പറച്ചിലിന്റെ ധൈര്യവുമായി വരുന്നത്. അവരെ ആട്ടിയോട്ടിക്കാതെ ചേർത്തു നിറുത്തണം. ഏത് മേഖലയിലായാലും ചൂഷണത്തിന് അടിപ്പെടേണ്ടവരല്ല ആരുമെന്ന് മറ്റുള്ളവർ മനസിലാക്കണം. അതാണ് വേണ്ടത്. അങ്ങനെയേ ആകാൻ പാടുള്ളൂ.