കൊച്ചി: ചീട്ടുകളിയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന സംഘം സംസ്ഥാനത്തുണ്ടെന്ന് കൊച്ചി പൊലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ അഞ്ചംഗ സംഘത്തെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കുറച്ചുനാൾ മുമ്പ് പത്തനംതിട്ടയിൽ നിന്ന് ഏതാനുംപേരെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ സംഘത്തെ പശ്ചിമ കൊച്ചിയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് പിടികൂടിയത്. സംസ്ഥാനത്തെ ചീട്ടുകളി ചൂതാട്ട ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാട്സ് ആപ്പിലൂടെയാണ് ചീട്ടുകളി സംഘത്തെ നിയന്ത്രിക്കുന്നത്. ഇതിനായി പ്രത്യേക ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കിയാണ് പ്രവർത്തനം. അൻപതലിധികം പേർ ഗ്രൂപ്പിലുണ്ട്. ലക്ഷങ്ങളുടെ ചൂതാട്ടം നടത്തി പിടിക്കപ്പെട്ടവരും ഗ്രൂപ്പിലെ അംഗങ്ങളാണ്. ചീട്ടുകളി നടക്കുന്ന സ്ഥലം, ആരെല്ലാം കളിക്കും എന്നതടക്കമുള്ള വിവരങ്ങൾ ദിവസവും സംഘം വാട്സ് ആപ്പ് വഴി നൽകും. മത്സരം നടത്തുന്ന ഹോട്ടൽ മുറികൾ, കളിക്കാനുള്ള വിദേശ നിർമ്മിത ചീട്ട്, മുന്തിയ ഇനം വിദേശ മദ്യം എന്നിവയും ഈ സംഘമാണ് ഒരുക്കുന്നത്. പണം മുൻകൂറായി നൽകണം. ഒരു ടേബിളിന് 5,000 മുതലാണ് നിരക്ക്. പ്രതിദിനം ലക്ഷങ്ങളുടെ ചൂതാട്ടമാണ് സംസ്ഥാനത്തുടനീളം നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഓൺലൈൻ ചീട്ടുകളിയിൽ പങ്കെടുക്കുന്നവരും സംഘങ്ങളിലുണ്ട്. അതീവ രഹസ്യമായി ആഡംബര കാറുകളിലും മറ്റുമാണ് കളിക്കാരെല്ലാം സങ്കേതങ്ങളിൽ എത്തുന്നത്. ആയിരങ്ങളിൽ തുടങ്ങുന്ന
ചീട്ടുകളി പിന്നീട് പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കുമൊക്കെ നീങ്ങും. പിടിവീഴാതിരിക്കാൻ വാട്സ് ആപ്പ് കോൾ ഗ്രൂപ്പ് അംഗങ്ങൾ തമ്മിൽ ബന്ധപ്പെടുന്നതും വാട്സ് ആപ്പ് വഴിയാണ്. ഇതിനാൽ, ഇവരെ ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഫോൺ കോളുകൾ പിന്തുടർന്ന് രഹസ്യ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യുന്നത് പതിവായതോടെയാണ് പിടിക്കപ്പെടാതിരിക്കാൻ വാട്സ് ആപ്പ് കോളിലേക്ക് ഇത്തരം സംഘങ്ങൾ തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ മുന്തിയ ഹോട്ടലുകളെ ഒഴിവാക്കി ഹോം സ്റ്റേകളാണ് ചൂതാട്ട സംഘം ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ഇടത്തരം ഹോം സ്റ്റേകളിലെ അഞ്ചോ ആറോ മുറികൾ മൊത്തമായി ബുക്ക് ചെയ്താണ് 'ചീട്ടുകളി മാച്ച്' നടത്തുന്നത്. പിന്നീട് പുലരുവോളം ചൂതാട്ടമാണ്. ചീട്ടുകളി നിയന്ത്രിക്കുന്നത് ഗുണ്ടാ മാഫിയ സംഘങ്ങളാണ്. നല്ലൊരു തുക ഇവർക്ക് കമ്മിഷനായി ലഭിക്കും. പണം പലിശയ്ക്ക് നൽകും ചൂതാട്ടത്തിന് ആവശ്യമായ പണം പലിശയ്ക്ക് നൽകാനും സംഘം തയ്യാറാണ്. ഒരു ലക്ഷത്തിന് പതിനായിരം രൂപയാണ് പലിശ. കളി കഴിഞ്ഞ ഉടൻ പണം മടക്കി നൽകണമെന്നാണ് വ്യവസ്ഥ.
ലക്ഷങ്ങളുടെ കൊടുക്കൽ, വാങ്ങലുകളാണ് ചീട്ടുകളി സംഘങ്ങളിൽ ദിവസവും നടക്കുന്നത്. ടോക്കൺ സംവിധാനം ഒരുക്കുന്ന ചില സംഘാടകരും ഉണ്ടത്രേ. പതിനായിരം രൂപ മുതലുള്ള ടോക്കണുകളാണ് നൽകുന്നത്. കളി കഴിഞ്ഞാൽ ടോക്കണ് അനുസൃതമായ തുക മടക്കി നൽകണം. അഡ്മിനെ പിടിക്കും കഴിഞ്ഞ ദിവസം പിടിയിലായവരുടെ ഫോണിൽ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഗ്രൂപ്പിന്റെ പേരും അഡ്മിനുമുൾപ്പടെയുള്ളവരുടെ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.
അഡ്മിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറയുന്നു. സമാന രീതിയിൽ ഇടപാട് നടത്തുന്ന മറ്റൊരു ഗാംബ്ളിംഗ് സംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പും സജീവമായി രംഗത്തുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നിസാര പിഴ
കേരള ഗെയ്മിംഗ് ആക്ട് പ്രകാരമാണ് ചീട്ടുകളി പോലുള്ള ഗാബ്ലിംഗ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. 500 രൂപ പിഴ അടച്ചാൽ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പാണിത്. അതിനാൽ ഒരിക്കൽ പിടിച്ചാലും ഇതുതന്നെ പല സംഘങ്ങളും ആവർത്തിക്കാറുണ്ട്. അതേസമയം, കളിക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടും.