1. റോഡുകളുടെ ശോചനീയ അവസ്ഥ സംബന്ധിച്ച ഹൈക്കോടതി വിമർശനത്തിന് മറുപടിയുമായി മന്ത്രി ജി. സുധാകരൻ. സംസ്ഥാനത്തെ റോഡുകൾ മികച്ചത്. മോശം അവസ്ഥയിൽ ഉള്ളത് ഒറ്റപ്പെട്ട ചില റോഡുകൾ മാത്രം. കൊച്ചി സിവിൽ ലൈൻ റോഡ് തകർന്നത് മെട്രോ ജോലി ഉള്ളതിനാൽ. പി.ഡബ്ല്യു.ഡി ആർക്കും കൊട്ടാനുള്ള ചെണ്ട അല്ല എന്നും പ്രതികരണം. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചത് രൂക്ഷമായി.
2. റോഡുകളുടെ സ്ഥിതി വളരെ മോശം എന്ന് ഹൈക്കോടതി. വി.ഐ.പി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോ എന്ന് ചോദിച്ച കോടതി മികച്ച റോഡുകൾ നിലനിർത്താനുള്ള നടപടി വേണം എന്നും നിർദ്ദേശിച്ചു. റോഡുകളുടെ തകരാർ പരിഹരിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്ത് പൊതുതാത്പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി ഇടപെടൽ.
3. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ജി രാമൻ നായർ ബി.ജെ. പിയിലേക്ക്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായ ജി.രാമൻ നായർ നിലവിൽ സസ്‌പെൻഷനിലാണ് . ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിനാണ് അദ്ദേഹത്തെ കെ.പി.സി.സി സസ്‌പെൻഡ് ചെയ്തത്. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി രാമൻ നായർ ചർച്ച നടത്തിയതായാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയേക്കും.
4. പ്രളയക്കെടുതിയിൽ കേരളത്തിന് നഷ്ടം 31,000 കോടി രൂപ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഏറ്റവും അധികം നഷ്ടം ഗതാഗത മേഖലക്ക് ആണ് എന്ന് വിലയിരുത്തൽ. യു.എൻ പഠന സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് അന്താരാഷ്ട്ര തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കും എന്ന് യു.എൻ പ്രഖ്യാപിച്ചു. ദുരന്ത സമയത്തെ രക്ഷാ പ്രവർത്തന രീതിയെ അഭിനന്ദിക്കാനും യു.എൻ മറന്നില്ല.
5. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിക്കാനായി താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് ഷോക്ക് വേണ്ടി ഷൂട്ടിംഗ് നിറുത്തി വച്ച് താരങ്ങളെ കൊടുക്കാനാവില്ല എന്ന് നിർമ്മാതാക്കളുടെ സംഘടന. തങ്ങളോട് സഹകരിക്കാതെ അമ്മ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാൻ കഴിയില്ല എന്നും കേരള ഫിലീം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. നിർമാതാക്കളോട് താരങ്ങൾ കാണിക്കുന്ന നിസഹകരണം എടുത്തു പറഞ്ഞാണ് സെക്രട്ടറി എം. രഞ്ജിത് കത്തയച്ചത്.
6. സി.ബി.ഐയിലെ ഉൾപ്പോരിനും സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ പുറത്താക്കിയതിനും എതിരെ സി.ബി.ഐ ആസ്ഥാനത്തേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ലോധി റോഡ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു. നൂറു കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ റാലിയിൽ അണി നിരന്നത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് പുറമെ, തൃണമൂലിന്റെയും ആം ആദ്മി പാർട്ടിയുടേയും നേതാക്കൾ റാലിയിൽ പങ്കെടുത്തു.
7. പൈറേറ്റ്‌സ് ഓഫ് കരീബിയൻ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടൽ കൊള്ളക്കാരൻ ജാക്ക് സ്പാരോയായി ഇനി നടൻ ജോണി ഡെപ്പ് ഇല്ല. സിനിമയുടെ നിർമ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ്, ജാക്ക് സ്പാരോയായി ഇനി ജോണി ഡെപ്പ് വേണ്ട എന്ന് തീരുമാനിച്ചതായി വിവരം. നടന്റെ കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പരാതീനകളുമാണ് ഡിസ്‌നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
8. രണ്ടാമൂഴം തിരക്കഥാ വിവാദത്തിൽ എം.ടി വിട്ടുവീഴ്ച നടത്തുമെന്ന് കരുതുന്നതായി ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ ഷെട്ടി. സംവിധായകൻ ശ്രീകുമാർ മേനോനാണ് ചിത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത് എന്നും മഹാഭാരതകഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിന് സമ്മതിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. എം.ടിയുമായി ഇതെപ്പറ്റി സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളിൽ ഇടപെടാൻ ഇല്ലെന്നും ഷെട്ടി പ്രതികരിച്ചു.