abdunasar-madani

ബംഗളൂരു: ബാംഗ്ലൂർ സ്ഫോ‌ടനക്കേസിൽ ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്‌ദുൽനാസർ മഅദനിക്ക് മാതാവിനെ സന്ദർശിക്കാൻ കോടതി അനുമതി നൽകി. മാതാവ് അസ്‌മ ബീവിയ്‌ക്ക് അ‌ർബുദം മൂർച്ഛിച്ചതിനെ തുടർന്ന് സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മഅദനി കോടതിയെ സമീപിക്കുകയായിരുന്നു. ആവശ്യം പരിഗണിച്ച കോടതി ഒക്‌ടോബർ 28 മുതൽ നവംബർ നാല് വരെ കേരളത്തിലെത്താൻ അനുമതി നൽകുകയായിരുന്നു.

രോഗം മൂർച്ഛിച്ചത് മൂലം മാതാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നുവെന്നും രണ്ടാഴ്‌ചത്തേക്ക് നാട്ടിൽ പോകാൻ അനുമതി നൽകണമെന്നും മഅദനി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. മാതാവിനെ സന്ദർശിക്കാനെന്ന പേരിൽ കേരള സന്ദർശനത്തിനാണ് മഅദനി പോകുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മാതാവിന്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മഅദനിയുടെ അഭിഭാഷകർ ഹാജരാക്കിയതോടെ പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ മേയിലും കോടതിയുടെ പ്രത്യേക അനുമതിയോടെ മഅദനി സംസ്ഥാനത്തെത്തി മാതാവിനെ സന്ദർശിച്ചിരുന്നു.