അജ്ഞാനാന്ധമായ ആചാരാനുഷ്ഠാനങ്ങളുടെയും സാമൂഹ്യമായ വിവേചനത്തിന്റെയും അധാർമ്മികമായ ചൂഷണത്തിന്റെയും ഒക്കെ പിടിയിൽ പ്പെട്ട് ജീവിതം വിണ്ടും വരണ്ടും പോയ മഹാഭൂരിപക്ഷം വരുന്ന ഒരു ജനസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും ഉയർത്തെഴുന്നേല്‌പിനും കളമൊരുക്കിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ. ആർഷ ഭാരതത്തിന്റെ ദാർശനിക ചരിത്രത്തിൽ വിശ്വമാനവികതയുടെ മുഖം ആലേഖനം ചെയ്ത ആദ്യത്തെ ഋഷിവര്യനാണ് ഗുരു.
ആത്മസാക്ഷാത്ക്കാരം കൊണ്ട് ആനന്ദാനുഭൂതികമായ നിർവൃതിയിൽ ലയിച്ച്, ജനിമൃതി കൈവിട്ടിരിക്കുന്ന അദ്വൈതനിലയെ പ്രാപിച്ച് ജീവിതം ധ്യാനനിർവൃതമാക്കിയിരുന്ന പരമഹംസന്മാരുടെ പരമ്പരയിൽ നിന്ന് സാധാരണക്കാരന്റെ സംസാരദുഃഖമകറ്റാൻ ഇറങ്ങിത്തിരിച്ച ഗുരുദേവൻ പ്രവൃത്തിയെ നിവൃത്തിമാർഗ്ഗത്തിലും നിവൃത്തിയെ പ്രവൃത്തിമാർഗ്ഗത്തിലും സമന്വയിപ്പിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്. അതുകൊണ്ടാണ് ഇതരഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തമായി ഗുരുദേവൻ ലോകാനുരൂപനും കാലാനുരൂപനുമായി വിളങ്ങുന്നതും ജനചിത്തങ്ങളിൽ ചിരകാല സ്മരണീയനായി നിലകൊള്ളുന്നതും. ഇപ്രകാരം ജാതിമത ദേശകാല ഭാഷാഭേദമെന്യേ മനുഷ്യവർഗോദ്ധാരണത്തിനായി അവതരിച്ച ഗുരുദേവന്റെ മഹാസമാധി ഉണ്ടാക്കിയ അതിതീവ്രമായ ദുഃഖത്തിന്റെ ഹൃദയാവർജ്ജകമായ ഒരു മുദ്രണമാണ് യുക്തിവാദിയും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന സഹോദരൻ അയ്യപ്പന്റെ 'ജരാരുജാമൃതിഭയമെഴാശുദ്ധയശോനിർവാണത്തെയടഞ്ഞ സദ്ഗുരോ...' എന്ന സമാധി ഗാനം.
ആ മഹാവിയോഗത്തിന്റെ കാലത്തിനേറ്റ മറ്റൊരു വേദനയായിരുന്നു മഹാസമാധിക്കുശേഷം ശിവഗിരിയിൽ നടക്കേണ്ടിയിരുന്ന മഹാമണ്ഡലപൂജയുടെ മുടക്കം. 90 കൊല്ലം മുമ്പ് നടക്കാതെ പോയ ആ മണ്ഡലമഹാപൂജയും യതിപൂജയുമാണ് മഹാസമാധി നവതിയാചരണത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ 21 മുതൽ ശിവഗിരിമഠത്തിൽ നടന്നുവരുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും എസ്. എൻ. ഡി. പി. യോഗവും സംയുക്തമായി നടത്തുന്ന ഈ മഹാപൂജയിൽ പങ്കുകൊണ്ട് ആത്മനിർവൃതരാകാൻ നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിനു ഭക്തജനങ്ങൾ ഗുരുവിന്റെ മഹാസമാധി സന്നിധിയിലേക്ക് അന്നുമുതൽ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
ഗുരുദേവചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി 41 ദിനരാത്രങ്ങൾ ഗുരുധ്യാനത്താലും ഗുരുവിന്റെ ഹോമമന്ത്രമുരുവിട്ടും നടക്കുന്ന വിശ്വശാന്തി ഹവനത്താലും രാപ്പകൽ ഭേദമില്ലാതെ വൈദികമഠത്തിൽ നടക്കുന്ന അഖണ്ഡനാമജപയജ്ഞത്താലും ആചാര്യസ്മൃതിയാലും ശിവഗിരി ഇത്രമാത്രം നിറഞ്ഞുകവിയുന്നത്. ഗുരുവല്ലോ പരദൈവം എന്നു ആശാൻ പാടിയതുപോലെ ഗുരുവിനെ പരദൈവമാക്കി ആരാധിക്കുന്ന കോടിക്കണക്കിനു ഭക്തരുടെ അകമഴിഞ്ഞ ഭക്തിയും പ്രാർത്ഥനയും ഒരുമയും ഒത്തുചേരുന്ന ഈ മണ്ഡലമഹാപൂജ അതിധന്യമായ ഒരു ചരിത്രത്തിന്റെ സംരചന കൂടിയായിത്തീർന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നുമുതൽ നടക്കുന്ന നാലുദിവസത്തെ മഹാസമ്മേളനങ്ങൾക്കുശേഷം ഒക്‌ടോബർ 31 നു നടക്കുന്ന മഹായതിപൂജയോടെ 41 ദിവസത്തെ മണ്ഡല മഹാപൂജാകർമ്മങ്ങൾക്കു മംഗളകരമായ പരിസമാപ്തിയാകും.
ഭാരതത്തിലെ എല്ലാ സംന്യാസിപരമ്പരകളിലുംപെട്ട യതിവര്യന്മാരെ സമഭാവനയോടും സമബുദ്ധിയോടും കൂടി ഗുരുദർശനത്തിന്റെ നിത്യതയിൽനിന്നുകൊണ്ട് പൂജിക്കുന്ന ഈ യതിപൂജയിൽ ഭാഗഭാക്കാകുമ്പോഴുണ്ടാകുന്ന അന്തക്കരണവിശുദ്ധി നിർവചനാതീതമാണ്. ഗുരുഭക്തിയുടെ ഈ കരകവിയൽ മറയില്ലാത്ത ഒരു ആന്തരിക നവീകരണത്തിേലക്കാണ് ഏവരെയും നയിക്കുന്നത്. സ്വതന്ത്രവും പൂർണവുമായ മനുഷ്യത്വത്തിന്റെ വെളിപാടായിരിക്കുമത്. ആദ്ധ്യാത്മികതയിൽ നിന്നകന്നുപോകുന്നതുകൊണ്ടാണു മനുഷ്യൻ സംസാരദുഃഖത്തിന്റെ ആഴക്കടലിൽപ്പെട്ടുഴലാൻ ഇടയാകുന്നത്. വിഷയങ്ങളെ വിഷയങ്ങൾ കൊണ്ടും വികാരങ്ങളെ വികാരങ്ങൾ കൊണ്ടും വ്യവഹാരങ്ങളെ വ്യവഹാരങ്ങൾ കൊണ്ടും അഭിമുഖീകരിക്കുവാനാണ് മനുഷ്യൻ സ്വയമേവ ശീലിക്കുന്നത്. എന്നാൽ അതുകൊണ്ട് ശാശ്വതമായ സമാധാനം ഉണ്ടാകുന്നതല്ല. ശാശ്വതമായ ശാന്തിക്കും ഭദ്രതയ്ക്കും അഭ്യുന്നതിക്കും വേണ്ടത് ആദ്ധ്യാത്മികമായ ഉണർവ്വാണ്. അതാകട്ടെ അകമുഖമായ ഉണർവാണ്. ആ ഉണർവ്വുണ്ടാകുമ്പോഴാണ് പരിവർത്തനങ്ങളും നവോത്ഥാനങ്ങളും ഉണ്ടാകുന്നത്.
ദാർശനികമായ ആ ശൈലിയിലാണു ഗുരുദേവൻ സമൂഹത്തിൽ നിരന്തരം ഇടപെട്ടിരുന്നതെന്നു കാണാം. ഗുരുവിന്റെ ജ്ഞാന-കർമ്മമണ്ഡലങ്ങളെ കൂടുതൽക്കൂടുതൽ പ്രകാശമാനമാക്കുക എന്നതുകൂടി ഈ മണ്ഡലമഹാപൂജയുടെ ലക്ഷ്യമായിരുന്നു. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും നിത്യേന ഗുരുവിനെ ശരണീകരിക്കുവാൻ എത്തിക്കൊണ്ടിരിക്കുന്നവർക്ക് ഈ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും മഹത്തായൊരു ഗുരുകൃപയാണിത്. ഗുരുവിനെ ഭജിച്ചാൽ മറ്റൊരു ഭജനമാവശ്യമില്ല. ഗുരുവിനെ ആശ്രയിച്ചാൽ മറ്റൊരാശ്രയം ആവശ്യമില്ല. എന്തെന്നാൽ ഗുരുവെന്നതു പരമദൈവതമായിരിക്കുന്ന സത്യവും ധർമ്മവുമാണ്. ഗുരുദേവചരിത്രത്തിൽ മഹാസമാധി നവതിയാചരണവും മണ്ഡലമഹായജ്ഞവും യതിപൂജയും സുവർണ്ണമുദ്രിതമായ ഒരദ്ധ്യായമായി എക്കാലവും തിളങ്ങി നില്ക്കുമെന്നതിൽ സംശയമില്ല. ഇതിൽ ഭാഗഭാക്കായി ഗുരുകൃപയുടെ നിരതിശയാനുഗ്രഹം കൊണ്ട് ജീവിതം ധന്യമാക്കുവാൻ ഏവർക്കും സാധ്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
(ലേഖകൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റാണ് )